വിടവാങ്ങിയത് ഫോറന്‍സിക് സയന്‍സിലെ അതികായന്‍

ഇ രാജന്‍

കോഴിക്കോട്: നാട്ടിന്‍പുറത്ത് ജനിച്ച് എല്ലാ പ്രതിസന്ധികളോടും പടവെട്ടി പഠിച്ചുമിടുക്കനായി ഫോറന്‍സിക് സയന്‍സ് മേഖലയ്ക്ക് വന്‍ സംഭാവനകള്‍ നല്‍കിയ അസാധാരണ വ്യക്തിത്വമാണ് ഡോ. പി വി ഗുഹരാജിന്റേത്. 1968ല്‍ കോഴിക്കോട്ടെത്തിയ അദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ഫോറന്‍സിക് ഡയറക്ടറായി വിരമിച്ച ശേഷവും ചികില്‍സാ രംഗത്ത് സജീവമായിരുന്നു. തന്റെ ഔദ്യോഗിക ജീവിതത്തിന്റെ സിംഹഭാഗവും ഡോ. ഗുഹരാജ് കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു ചെലവഴിച്ചത്. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട കാലത്ത് മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി അവിടെ ട്യൂട്ടറായിരിക്കുമ്പോഴാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തുന്നത്. അവിടെ ഫോറന്‍സിക് സയന്‍സ് ഡിപാര്‍ട്ട്‌മെന്റുണ്ടാക്കി അതിനെ വിപുലീകരിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജ് തുടങ്ങിയപ്പോള്‍ ഇവിടേക്ക് എത്തി. കേരളത്തില്‍ ആദ്യമായി ഫോറന്‍സിക് സയന്‍സില്‍ ബിരുദാനന്തര ബിരുദ കോഴ്‌സ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആരംഭിക്കുന്നതിന് നേതൃത്വം നല്‍കി.
എഴുപതുകളില്‍ രാജന്‍ കേസിന്റെ കോലാഹലങ്ങള്‍ക്കിടെ വീടിനു നേരെ കല്ലേറുണ്ടായിട്ടും അല്‍പംപോലും പതറാതെ തന്റെ കണ്ടെത്തല്‍ വെട്ടിത്തുറന്ന് പറഞ്ഞു. കാസര്‍കോട് ജില്ലയിലെ പയസ് വധം അദ്ദേഹത്തിന്റെ സര്‍വീസിലെ മികച്ച ഏടുകളിലൊന്നാണ്. കാട്ടില്‍ വച്ച് കൊല്ലപ്പെട്ട സ്വര്‍ണ ബിസ്‌കറ്റ് കച്ചവടക്കാരനായിരുന്ന പയസിന്റെ മൃതദേഹത്തില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കാന്‍ യാത്രാ സൗകര്യമില്ലാതിരുന്ന കാലത്ത് ഏഴു കിലോമീറ്റര്‍ കാട്ടിലൂടെ നടന്നുചെന്നാണ് അദ്ദേഹം മൃതദേഹം പരിശോധിച്ചത്. പിന്നില്‍ നിന്ന് വെടിയേറ്റാണ് മരണമെന്ന അദ്ദേഹത്തിന്റെ കണ്ടെത്തല്‍ സുഹൃത്ത് സുബ്രഹ്മണ്യനാണ് പ്രതിയെന്ന് തെളിയിച്ചു.
മെഡിക്കല്‍ ബിരുദം നേടാന്‍ പോലും ഏറെ പ്രയാസം നേരിട്ടിരുന്ന കാലത്ത് വിദേശങ്ങളില്‍ നിന്നു പോലും പിജി ബിരുദങ്ങള്‍ നേടിയ ഡോക്ടര്‍ നൈജീരിയയിലും ഷാര്‍ജയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it