malappuram local

വികസന പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി കൗണ്‍സിലര്‍ അബ്ദുല്‍ഹക്കീം

കൊണ്ടോട്ടി: അധികാര തര്‍ക്കത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളും മുന്നണികളും കലപില കൂട്ടുന്ന കൊണ്ടോട്ടി നഗരസഭയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച് മുന്നേറുന്ന കൗണ്‍സിലറും ഡിവിഷനും വ്യത്യസ്ഥമാവുന്നു. നഗരസഭയിലെ എട്ടാം ഡിവിഷനും കൗണ്‍സിലര്‍ വി അബ്ദുള്‍ ഹക്കീമുമാണ് ജനസേവനത്തിന്റെ പുതിയ മാതൃക കാണിച്ച് മുന്നേറുന്നത്. നഗരസഭയില്‍ അധികാര തര്‍ക്കം മുറുകുമ്പോഴാണ് വാര്‍ഡ് വികസനത്തിന്റെ രണ്ടാം വാര്‍ഷികവുമായി അബ്ദുല്‍ ഹക്കീമിന്റെ പര്യടനം. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡിവിഷന്റെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് സ്ത്രീ ശാക്തീകരണം, കുടംബശ്രീ കൂട്ടായ്മ, സ്വയം തൊഴില്‍ പരിശീലനം, നിയമ ബോധവല്‍ക്കരണം, ട്രോമാകെയര്‍ പരിശീലനം, പാലിയേറ്റീവ് ബോധവല്‍കരണം, ഫാമിലി കൗണ്‍സിലിങ്, വൃദ്ധജന സംഗമം, മെഡിക്കല്‍ ക്യാംപ്, സംഗീത സായാഹ്നം, എസ്എസ്എല്‍സി പരീക്ഷാ പരിശീലനം, ജൈവ കൃഷി പ്രോല്‍സാഹനം തുടങ്ങി വിവിധ പരിപാടികളാണ് വാര്‍ഡില്‍ നടത്തിയത്. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വിഷരഹിത പച്ചക്കറി മുഴുവന്‍ വീടുകളിലും എന്ന ലക്ഷ്യത്തോടെ ഗ്രീന്‍കാര്‍ട്ട് പരിപാടിക്ക് തുടക്കമായി. നിയുക്ത നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ ആയിഷാബി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ചുക്കാന്‍ ബിച്ചു, പാറപ്പുറം അബ്ദുര്‍റഹ്മാന്‍, റസിയ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ സലാം, കൃഷി ഓഫിസര്‍ ബാബു സക്കീര്‍, അഡ്വ. പി എ സിദ്ധീഖ്, സി അബ്ദുള്‍ ജലീല്‍ സംസാരിച്ചു. ഡിവിഷനിലെ വിവിധ അയല്‍ക്കൂട്ടങ്ങളെ കേന്ദ്രീകരിച്ച് ഒമ്പത് കേന്ദ്രങ്ങളില്‍ മുന്നൂറോളം കുടുംബങ്ങള്‍ക്ക് പച്ചക്കറിത്തൈ, വിത്തുകള്‍ വിതരണം ചെയ്തു. ഒരു വര്‍ഷംകൊണ്ട് സമ്പൂര്‍ണ കാര്‍ഷിക ഗ്രാമമാക്കുകയാണ് ലക്ഷ്യമെന്ന് കൗണ്‍സിലര്‍ വി അബ്ദുള്‍ ഹക്കീം പറഞ്ഞു.
Next Story

RELATED STORIES

Share it