malappuram local

വികസനത്തിന് വേണ്ടി മുറിച്ച മാറഞ്ചേരിയിലെ ആല്‍മരം ഇനി പൊന്നാനിയില്‍ തലയുയര്‍ത്തി നില്‍ക്കും

പൊന്നാനി: റോഡ് വികസനത്തിന് വേണ്ടി മുറിച്ച  മാറഞ്ചേരിയിലെ കൂറ്റന്‍ ആല്‍മരം ഇനി പൊന്നാനിയില്‍ തലയുയര്‍ത്തി നില്‍ക്കും. വികസനം വേണോ ആല്‍മരം വേണോ എന്നു ചോദിച്ചപ്പോള്‍ അധിക്യതര്‍ മരം മുറിക്കുകയാണ് ചെയ്തത്. നാട്ടുകാര്‍ പറഞ്ഞത് രണ്ടും വേണമെന്നാണ്. അതോടെയാണ് മുറിച്ച മരത്തിന് ജീവന്‍ തിരികെ നല്‍കാന്‍ ഒരു കൂട്ടം പ്രകൃതിസ്‌നേഹികള്‍ രംഗത്തിറങ്ങിയത്.
റോഡ് വീതികൂട്ടലിന്റെ ഭാഗമായി മാറഞ്ചേരി സെന്ററിലെ ആല്‍മരം മുറിച്ചുമാറ്റാന്‍ മരാമത്തു വകുപ്പ് തീരുമാനിച്ചപ്പോള്‍, ആ മരത്തെ വേരൊടെ പിഴുതെടുക്കാനാണ് നാട്ടുകാര്‍ തീരുമാനിച്ചത്. പിഴുതുകളയുകയല്ല; മരം വേരോടെ പിഴുത് ഏറെ അകലെയുള്ള  പൊന്നാനിയില്‍  നട്ടു. നാടിന്റെ നന്മയുടെ തണലില്‍ ഇനിയും ആ ആല്‍മരം പൊന്നാനിയില്‍  തലയുയര്‍ത്തി തന്നെ നില്‍ക്കും.
റോഡ് വികസനത്തിന്റെ ഭാഗമായാണ് പൊന്നാനി  ഗുരുവായൂര്‍ സംസ്ഥാന പാതയോരത്തുള്ള ആല്‍മരം മുറിക്കാന്‍ മരാമത്ത് വകുപ്പ് തീരുമാനിച്ചത്. എന്നാല്‍ മരത്തെ കൊല്ലരുതെന്നും പറിച്ചുനടാന്‍ തയാറാണെന്നും അറിയിച്ച് പരിസ്ഥിതി സംഘടന രംഗത്തുവന്നതോടെ മരം മുറിക്കുന്നത് നിര്‍ത്തുകയായിരുന്നു.
മരം ഇവിടെനിന്നും മാറ്റാന്‍ കരാറുകാരന്‍ രണ്ടു ദിവസമാണ് നല്‍കിയിട്ടുള്ളത്. പൊന്നാനിയിലെ നിള കലാഗ്രാമം പൈതൃക പദ്ധതിയുടെ വളപ്പില്‍ ഇന്നലെ ആല്‍മരത്തെ നട്ടു. ഇതോടെ വികസനമെന്നാല്‍ മുറിച്ചുമാറ്റല്‍ മാത്രമല്ല പുനരധിവാസത്തിന്റെ മാറ്റിസ്ഥാപിക്കല്‍ കൂടിയാണെന്ന് ഒരു കൂട്ടം പരിസ്ഥിതി പ്രേമികള്‍ കാണിച്ചുതന്നു.
ആല്‍മരത്തെ മരിക്കാന്‍ വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് ഐ ഫോര്‍ ഇന്ത്യ ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകരാണ് സമൂഹമാധ്യമത്തില്‍ ആദ്യം പോസ്റ്റ് പങ്കുവച്ചത്. വലിയ മരം എങ്ങനെ മാറ്റി കുഴിച്ചിടും എന്ന് സംശയിച്ചവര്‍ക്ക് മരങ്ങള്‍ വേരോടെ പിഴുതുമാറ്റുന്ന വിഡിയോ ലിങ്കുകളും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. പിന്തുണയുമായി പഞ്ചായത്ത് ഭരണസമിതിയും പ്രതിപക്ഷവും നാട്ടുകാരും മുന്നോട്ടുവന്നതോടെ കാര്യങ്ങള്‍ സജീവമായി. തുടര്‍ന്ന് മിഷന്‍ ബോധി എന്ന പേരില്‍ വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
മരം പൊന്നാനിയില്‍ നടാനായി  60,000 രൂപയോളമാണ് ചെലവ് വന്നത്. ഇതിന് പിരിച്ചുകിട്ടിയതാകട്ടെ പകുതി സംഖ്യ മാത്രമാണ്. കടം മേടിച്ചും മരത്തെ മാറ്റി സ്ഥാപിക്കുകയായിരുന്നു ഒരു കൂട്ടം പ്രകൃതിസ്‌നേഹികള്‍. അനിവാര്യമായ വികസനത്തിന് വൃക്ഷങ്ങള്‍ പാടെ മുറിച്ച് മാറ്റല്‍ മാത്രമല്ല, സാങ്കേതിക സൗകര്യങ്ങള്‍ പുരോഗമിച്ച ഈ കാലത്ത് അവയുടെ പുനരധിവാസം കൂടി സാധ്യമാണെന്ന വലിയൊരു അവബോധം സമൂഹത്തിന് നല്‍കാന്‍ മരം മാറ്റി സ്ഥാപിച്ചതിലൂടെ കൂട്ടായ്മക്ക് കഴിഞ്ഞു.
Next Story

RELATED STORIES

Share it