വാര്‍ഡ് വിഭജനം: തിരഞ്ഞെടുപ്പ് വൈകുമെന്ന് കമ്മീഷന്‍ ഹൈക്കോടതിയില്‍

കൊച്ചി: വാര്‍ഡ് വിഭജനം സംബന്ധിച്ച് കോടതി ഉത്തരവ് എന്തുതന്നെയായാലും സംസ്ഥാനത്ത് അഞ്ചു മാസം മുതല്‍ ആറു മാസം വരെ വൈകി മാത്രമേ തിരഞ്ഞെടുപ്പ് നടത്താനാകൂ എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. 2010ല്‍ നിലവിലുണ്ടായിരുന്ന പഞ്ചായത്തുകളുടെ അടിസ്ഥാനത്തിലല്ലാതെ കൃത്യസമയത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പഞ്ചായത്ത് വിഭജിച്ച നടപടി റദ്ദാക്കിയ ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കമ്മീഷന്റെ വിശദീകരണം.

നിലവിലെ ഭരണസമിതിയുടെ കാലാവധി 2015 ഒക്‌ടോബര്‍ 31ന് അവസാനിക്കുന്നതും നവംബര്‍ ഒന്നിനു പുതിയ സമിതി അധികാരത്തില്‍ വരേണ്ടതുമാണ്. ഭരണഘടനയനുസരിച്ച് ഒന്നിന്റെ കാലാവധി തീരുന്നതിനു മുമ്പുതന്നെ അടുത്ത സമിതിയുടെ തിരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമാന അധികാരം തന്നെയാണ് സംസ്ഥാന കമ്മീഷനുമുള്ളത്. 2015 ജനുവരി 5ലെ വിജ്ഞാപനപ്രകാരമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം നടന്നത്. പുനര്‍വിഭജനം വൈകിയതിനാല്‍ കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്താനാവാത്ത അവസ്ഥയാണുള്ളത്. പഞ്ചായത്തുകളുടെ രൂപവത്കരണം റദ്ദാക്കിയതോടെ ആഗസ്ത് 8ലെ വിജ്ഞാപനപ്രകാരമുള്ള ബ്ലോക്ക് പഞ്ചായത്ത് വിഭജനവും റദ്ദാക്കപ്പെടും.
കഴിഞ്ഞ തിരഞ്ഞെടുപ്പുസമയത്തെ പഞ്ചായത്തുകളുടെയും മറ്റും അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്താനാണെങ്കില്‍ സപ്തംബര്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ചയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്താന്‍ കഴിയും. നാലാഴ്ചക്കകം വിജ്ഞാപനവും പുറപ്പെടുവിക്കും. തിരഞ്ഞെടുപ്പും വോട്ടെണ്ണലും ഒക്‌ടോബര്‍ 3, 4 ആഴ്ചകളിലായി പൂര്‍ത്തീകരിക്കാനാവുമെന്നും കമ്മീഷന്‍ പറഞ്ഞു. അതേസമയം, പഞ്ചായത്ത് രൂപവത്കരണം റദ്ദാക്കിയ സിംഗിള്‍ബെഞ്ച് ഉത്തരവ് ഡിവിഷന്‍ബെഞ്ച് റദ്ദാക്കിയാല്‍ ആറു മാസവും രണ്ടു ദിവസവും കൊണ്ട് മാത്രമേ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടത്താനാവൂ. ബ്ലോക്ക് പഞ്ചായത്ത് രൂപവത്കരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ 88 ദിവസം വേണ്ടിവരും. ജില്ലാ പഞ്ചായത്ത് രൂപവത്കരണത്തിന് പിന്നെയും 44 ദിവസം വേണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സര്‍ക്കാരിന്റെ അപ്പീല്‍ ചീഫ്ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് പരിഗണിച്ചെങ്കിലും ചൊവ്വാഴ്ചത്തേക്ക് മാറ്റി. സിംഗിള്‍ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഡിവിഷന്‍ബെഞ്ച് അനുവദിച്ചില്ല.
Next Story

RELATED STORIES

Share it