kasaragod local

വായന സന്തോഷകരമായ ജീവിതം നല്‍കും: മന്ത്രി



കാഞ്ഞങ്ങാട്: ജില്ലയില്‍ വായനാവാരാചരണത്തിന് ഉജ്വല തുടക്കം. വിവിധ സംഘടനകളുടേയും വിദ്യാലയങ്ങളുടേയും നേതൃത്വത്തില്‍ വേറിട്ട പരിപാടികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. കാഞ്ഞങ്ങാട് നഗരസഭയിലെ മേലാങ്കോട്ട് എസി കണ്ണന്‍ നായര്‍ സ്മാരക ഗവ. യുപി സ്‌കൂളില്‍ വായനാപക്ഷാചരണവും പിഎന്‍ പണിക്കര്‍ അനുസ്മരണ സമ്മേളനവും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പുസ്തകവായനയിലൂടെ അറിവ് ലഭിക്കും. അറിവ്  ഉദ്യോഗം നേടുന്നതിനും മികച്ച ജീവിതത്തിനും സഹായിക്കുമെന്ന് മന്ത്രി കുട്ടികളോട് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി  ജവഹര്‍ലാല്‍ നെഹ്‌റുവിനെ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള കുട്ടികളോട് ചോദിച്ച കാര്യങ്ങള്‍ മന്ത്രി മേലാങ്കോട്ട് യുപി സ്‌കൂളിലെ വിദ്യാര്‍ഥികളോട് ചോദിച്ചു. നിങ്ങള്‍ക്ക് കണ്ണെന്തിനാണ്, നാവെന്തിനാണ്, ചെവിയെന്തിനാണ്?. കണ്ണ് കാണേണ്ടത് കാണാനാണെന്നും ചെവി കേള്‍ക്കേണ്ടത് കേള്‍ക്കാനാണെന്നും നാവ് പറയേണ്ടത് പറയാനാണെന്നും ചാച്ചാജിയുടെ മറുപടി മന്ത്രി വിദ്യാര്‍ഥികളെ ഓര്‍മ്മിപ്പിച്ചു. വായനശാലകളില്‍ പോയി പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതും പത്രവായനയും ശീലമാക്കണമെന്നും മന്ത്രി പറഞ്ഞു. കേരളസാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗം ഇ പി രാജഗോപാലന്‍ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന വായനാപക്ഷാചരണത്തിന്റെ ഭാഗമായി നടന്ന ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എം രാജഗോപാലന്‍ എംഎല്‍എ വായനാസന്ദേശം നല്‍കി. സംസ്ഥാന ൈലബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന്‍ ആമുഖഭാഷണം നടത്തി. നഗരസഭ ചെയര്‍മാന്മാരായ വി വി രമേശന്‍, പ്രഫ. കെ പി ജയരാജന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ വി സുഗതന്‍, ഡിഇഒ എ പി സുരേഷ് കുമാര്‍, ഡോ. പി പ്രഭാകരന്‍, സി കെ ഭാസ്‌കരന്‍, അഡ്വ. പി എന്‍ വിനോദ് കുമാര്‍, ഹെഡ്മാസ്റ്റര്‍ സി രവീന്ദ്രന്‍, കെ പി സതീഷ്ചന്ദ്രന്‍, കെ വി രാഘവന്‍, പി വി കെ പനയാല്‍, ബി ബാബു സംസാരിച്ചു.
Next Story

RELATED STORIES

Share it