വായനയിലും വിവാദങ്ങളിലും വിളങ്ങിയ വ്യക്തിത്വം



പി സി അബ്ദുല്ല

വടകര: വായനയോടൊപ്പമോ അതിനപ്പുറമോ വിവാദ തലങ്ങളില്‍ വിളങ്ങിയ എഴുത്തുകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുല്ല. കടത്തനാടന്‍ നര്‍മങ്ങളുടെയും നിഷ്‌കളങ്കതയുടെയും ആസ്വാദ്യമായ വാമൊഴിയില്‍ പുനത്തില്‍ വിളിച്ചുപറഞ്ഞത് പലതും പക്ഷേ, നര്‍മമായോ നിഷ്‌കളങ്കതയായോ അല്ല  മലയാളി മനസ്സില്‍ വിലയിരുത്തപ്പെട്ടത്.വ്യക്തിത്വം, കുടുംബം, സമൂഹം തുടങ്ങിയവയില്‍ പലരും പറയാന്‍ മടിച്ച കാര്യങ്ങളാണ് കുഞ്ഞബ്ദുല്ല തുറന്നുപറഞ്ഞത്. ജീവിതവും സമീപനങ്ങളുംകൊണ്ട് അത്തരം അരാജകത്വങ്ങളുടെ ഭാഗമാവുക കൂടി ചെയ്തതോടെ സ്വന്തം ഭാര്യക്കുപോലും താന്‍ വേണ്ടാത്തവനായെന്നു വെളിപ്പെടുത്തിയതും അദ്ദേഹം തന്നെ.മലയാൡയുടെ കപട സദാചാരബോധത്തെ പി കുഞ്ഞിരാമന്‍ നായര്‍ക്കുശേഷം കൊത്തിനുറുക്കിയ എഴുത്തുകാരനാണ് പുനത്തിലെന്ന് എം എന്‍ കാരശ്ശേരിയെപ്പോലുള്ളവര്‍ നിരൂപിക്കുന്നു. എന്നാല്‍, ഏകാഗ്രത നഷ്ടപ്പെട്ട മനസ്സിന്റെ ജല്‍പനങ്ങളാണ് അവസാന കാലങ്ങളില്‍ പുനത്തിലില്‍ നിന്ന് പുറത്തുവന്നതെന്ന് വിലയിരുത്തുന്നവരാണ് ഏറെയും.ഭാര്യ ഹലീമയുമായും ഭാര്യാവീട്ടുകാരുമൊക്കെയായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പുനത്തില്‍ പറഞ്ഞുതന്നെയാണ് പുറംലോകം അറിഞ്ഞത്. 13ാം വയസ്സിലാണ് ഹലീമയെ വിവാഹം ചെയ്തത്. പുനത്തില്‍ ഭാര്യയെ വിവാഹമോചനം നടത്തിയെന്ന പ്രചാരണം ശക്തമായിരുന്നെങ്കിലും ഭാര്യ ഹലീമയോ വീട്ടുകാരോ അതു സ്ഥിരീകരിച്ചിരുന്നില്ല. മാത്രമല്ല, അവസാന നാളുകളില്‍ പുനത്തിലിനെ പരിചരിക്കാന്‍ ഭാര്യ ഹലീമയുണ്ടായിരുന്നു. ഇന്നലെ മൃതദേഹത്തോടൊപ്പമാണ് അവര്‍ വടകരയിലെത്തിയത്.സിപിഎം നിയന്ത്രണത്തിലുള്ള ചാനലില്‍ വന്ന വിവാദ അഭിമുഖത്തോടെയാണ് പുനത്തിലിന്റെ കുടുംബജീവിതം തകിടം മറിഞ്ഞത്. പിന്നീടങ്ങോട്ട് ചാനലുകാര്‍ പുനത്തിലിനെക്കൊണ്ട് പലതും പറയിച്ചു.2001ല്‍ ബേപ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച പുനത്തില്‍, ഹിന്ദുമതമാണ് ലോകത്തെ ഏറ്റവും മഹത്തായ സംസ്‌കാരമെന്നു പറഞ്ഞ് ചിലരുടെ കൈയടി വാങ്ങി. എന്നാല്‍, നരേന്ദ്രമോദി പ്രധാനമന്ത്രിയാവാന്‍ യോഗ്യനല്ലെന്ന് തുറന്നടിച്ചതോടെ ബിജെപിക്കും അദ്ദേഹം അനഭിമതനായി.എഴുത്തുകാര്‍ കള്ളന്‍മാരാണെന്നും സത്യസന്ധത ഇല്ലാത്തവരാണെന്നും മറ്റൊരഭിമുഖത്തില്‍ പുനത്തില്‍ തുറന്നടിച്ചത് പല മുതിര്‍ന്ന എഴുത്തുകാരെയും പ്രകോപിച്ചിരുന്നു. ഇതിനിടെ, പുനത്തിലിന്റെ കന്യാവനങ്ങള്‍ മോഷണമാണെന്ന ഒ കെ ജോണിയുടെ ആരോപണവും വാര്‍ത്താപ്രാധാന്യം നേടി. പുനത്തില്‍ ജൂറി അംഗമായിരിക്കെ, അദ്ദേഹത്തിന്റെ ശുപാര്‍ശയില്‍ ജോണിയുടെ ഡോക്യുമെന്ററിക്ക് ദേശീയ അവാര്‍ഡ് നല്‍കി ഒരര്‍ഥത്തില്‍ പുനത്തില്‍ ഇതിനു മധുരമായി പ്രതികാരം ചെയ്തു.
Next Story

RELATED STORIES

Share it