വാട്ട്‌സ്ആപ്പ് ഹര്‍ത്താല്‍: 1595 പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ജനകീയ വാട്ട്‌സ്ആപ്പ് ഹര്‍ത്താലില്‍ പോലിസ് നടപടി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാട്ട്‌സ്ആപ്പ് ഹര്‍ത്താല്‍ നടത്തിയവര്‍ക്കെതിരേ കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് 385 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ 1595 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണവും അറസ്റ്റുകളും നടന്നുവരുകയാണ്. മഞ്ചേരി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 9 മുതല്‍ 14 വരെയുള്ള പ്രതികള്‍ ഹര്‍ത്താലിന്റെ സൂത്രധാരന്മാരായിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്. 9ാം പ്രതി കൊല്ലം സ്വദേശി അമര്‍നാഥ് ബൈജു ആര്‍എസ്എസിന്റെ ഭാരവാഹിയും സജീവ പ്രവര്‍ത്തകനുമായിരുന്നു. 10ാം പ്രതി സുധീഷ് ആര്‍എസ്എസ് അനുഭാവിയാണ്.
ജമ്മുവിലെ അതിഹീനമായ സംഭവത്തില്‍ കേരളം ഒറ്റക്കെട്ടായി പ്രതിഷേധം രേഖപ്പെടുത്തുകയും പ്രതികരിച്ചിട്ടുമുണ്ട്. എന്നാല്‍, ഈ വിഷയത്തിലെ രോഷവും പ്രതിഷേധവും മറ്റൊരു തരത്തില്‍ വഴിതിരിച്ചുവിടാനാണ് ശ്രമം നടന്നത്. ഇക്കാര്യം മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്നതും വസ്തുതയാണ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് സംഘപരിവാരമാണ്. അവരുടെ നീക്കം നാടിനെ ഗുരുതരമായ അവസ്ഥയിലേക്ക് തള്ളിവിടലായിരുന്നു.
ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ആഹ്വാനം ചെയ്യാത്ത ഹര്‍ത്താലില്‍ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളിലുംപെട്ട അനുഭാവിവൃന്ദം പങ്കെടുത്തത് ഗൗരവത്തോടെ കാണണം. സോഷ്യല്‍ മീഡിയ വഴി നടന്ന ഹര്‍ത്താല്‍ പുതിയ മുന്നറിയിപ്പാണ്. സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രചാരണങ്ങളില്‍ സമൂഹം ജാഗ്രത പുലര്‍ത്തണം. എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്കെതിരേ പോസ്റ്റിട്ടതിന്റെ പേരില്‍ എത്ര പേര്‍ക്കെതിരേ കേസെടുത്തു എന്ന ചോദ്യത്തിനു നിയമസഭയില്‍ മുഖ്യമന്ത്രി ഉത്തരം പറഞ്ഞില്ല.
പ്രത്യേകം ചോദ്യമായി ഉന്നയിച്ചാല്‍ മറുപടി പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സൈബര്‍ കേസുകള്‍ ദിനംതോറും പെരുകുകയാണ്.
വ്യാജ അക്കൗണ്ട് വഴി മറ്റു ചില വിഭാഗങ്ങളുടെ പേരിലുമെല്ലാം അക്കൗണ്ട് തുടങ്ങി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ സോഷ്യല്‍ മീഡിയയിലുണ്ട്. അതേസമയം, സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടുന്നതിന് അതിവിപുലമായ സന്നാഹമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്. സൈബര്‍ മേഖലയില്‍ ആകെ നടക്കുന്നത് മോശമായ കാര്യങ്ങളാെണന്ന് അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it