Flash News

വാഗമണ്‍ കേസിലെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് 11 പ്രതികള്‍ ഹൈക്കോടതിയില്‍



കൊച്ചി: വാഗമണ്‍ കേസിലെ വിചാരണാ നടപടികളുമായി ബന്ധപ്പെട്ട് ഭോപാല്‍ ജയിലില്‍ നിന്ന് കേരളത്തിലേക്ക് മാറ്റാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് 11 പ്രതികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. അഹ്മദാബാദ്, ഇന്‍ഡോര്‍ സ്്‌ഫോടന കേസുകളില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന പ്രതികളാണ് വാഗമണ്‍ കേസില്‍ സ്വതന്ത്രവും ഫലപ്രദവുമായ വിചാരണ നടപടികള്‍ ഉറപ്പാക്കാന്‍ കേരളത്തിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്.ഈരാറ്റുപേട്ട സ്വദേശി ശാദുലി, ഹാഫിസ് ഹുസയ്ന്‍ ബംഗളൂരു, സഫ്ദര്‍ ഹുസയ്ന്‍ മധ്യപ്രദേശ്, ഈരാറ്റുപേട്ട സ്വദേശി ശിബിലി പി അബ്ദുല്‍കരീം, ആലുവ ഉളിയന്നൂര്‍ സ്വദേശി മുഹമ്മദ് അന്‍സാര്‍, അമീന്‍ പര്‍വേശ് മധ്യപ്രദേശ്, കമറാന്‍ സിദ്ദീഖി മധ്യപ്രദേശ്, മുഹമ്മദ് യാസീന്‍ കര്‍ണാടക, ഖമറുദ്ദീന്‍ മധ്യപ്രദേശ്, മിര്‍സ അഹമ്മദ് ബേഗ് കര്‍ണാടക, മുഹമ്മദ് അബു ഫൈസല്‍ഖാന്‍ മുംബൈ എന്നിവരാണ് ഹരജിക്കാര്‍. ശാദുലിയും അന്‍സാറും പാനായിക്കുളം കേസിലും ശിക്ഷിക്കപ്പെട്ടവരാണ്. ഇവരെ പിന്നീട് അഹ്മദാബാദ് കേസുമായി ബന്ധപ്പെട്ട് സബര്‍മതി ജയിലിലെത്തിച്ചു. ഇന്‍ഡോര്‍ കേസിലെ വിധി വന്നപ്പോള്‍ എല്ലാവരെയും ഭോപാല്‍ ജയിലിലേക്ക് മാറ്റി. എട്ട് പ്രതികളെ ജയില്‍ ചാടി എന്നാരോപിച്ച് പോലിസ് വെടിവച്ചുകൊന്ന സംഭവത്തിന് ശേഷം ഭോപാല്‍ ജയിലിനകത്ത് കൊടും പീഡനം അനുഭവിക്കുന്നതായി ഹരജിയില്‍ പറയുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്നു. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ അനുവദിക്കാറില്ല. മൗലികാവകാശങ്ങള്‍പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. ജീവഭയത്തോടെ കഴിയുന്ന ഭോപാല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞ് ഭോപാല്‍ കേസില്‍ ഫലപ്രദമായ വിചാരണ നേരിടാനാവില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം. നേരില്‍ ഹാജരാക്കാന്‍ വാറന്റ് നല്‍കാന്‍ വാഗമണ്‍ കേസ് പരിഗണിക്കുന്ന എന്‍ഐഎ കോടതിയോട് നിര്‍ദേശിക്കുക, വിചാരണയോടനുബന്ധിച്ച് കേരളത്തിലെ ജയിലിലേക്ക് മാറ്റാന്‍ മധ്യപ്രദേശ് ആഭ്യന്തര വകുപ്പിനോട് ഉത്തരവിടുക, ഭോപാല്‍ ജയിലിലെ പീഡനങ്ങള്‍ക്കെതിരേ ജയിലധികൃതര്‍ക്കെതിരേ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it