malappuram local

വാക്‌സിന്‍ വിരുദ്ധ പ്രചാരണം : സംവാദത്തിന് വെല്ലുവിളിച്ച് ഡോക്ടര്‍മാരുടെ വാക്‌സിന്‍ ചലഞ്ച്‌



പൊന്നാനി: വാക്‌സിന്‍ വിരുദ്ധ പ്രചാരകരെ വെല്ലുവിളിച്ച് ഡോക്ടര്‍മാര്‍. വാക്‌സിന്‍ വിരുദ്ധര്‍ തുറന്ന സംവാദത്തിന് സന്നദ്ധരാവാനുള്ള ധൈര്യം കാട്ടണമെന്ന് പറഞ്ഞുകൊണ്ടാണ് ഏതാനും ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. വാക്‌സിന്‍ വിരുദ്ധ സന്ദേശ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജേക്കബ് വടക്കാഞ്ചേരി, മോഹനന്‍ വൈദ്യര്‍, പ്രസാദ്, സാജന്‍ സിന്ധു, സനൂപ് നരേന്ദ്രന്‍, ലത്തീഫ്, കരീം എന്നിവരെ പേരെടുത്ത് പറഞ്ഞാണ് ഡോക്ടര്‍മാര്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. മലബാറിന്റെ മണ്ണില്‍ വച്ച് ഓപണ്‍ സ്‌റ്റേജില്‍ ലൈവ് ടെലികാസ്റ്റിങ്ങോടെ തങ്ങള്‍ വാക്‌സിന്‍ വിരുദ്ധരുമായി ഏറ്റുമുട്ടാന്‍ തയ്യാറാണെന്നാണ് ഒരു സംഘം ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ എഴുപത് മുതല്‍ എണ്‍പത് ശതമാനം പേര്‍ എംആര്‍ വാക്‌സിനേഷനില്‍ പങ്കാളികളായപ്പോള്‍ മലബാര്‍ മേഖലയില്‍ ഇത് അമ്പത് ശതമാനത്തില്‍ താഴെയാണ്. പ്രത്യേകിച്ചും മലപ്പുറം മേഖലയില്‍ വാക്‌സിനെടുത്തവരുടെ കണക്ക് പരിശോധിച്ചാല്‍ അത് മറ്റ് ജില്ലകളേക്കാള്‍ താഴെയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരത്തിലൊരു വെല്ലുവിളിയുയര്‍ത്തിയതിനെക്കുറിച്ച് ശിശുരോഗ വിദഗ്ദ്ധനായ ഡോ.കെ മുഹമ്മദ് ഇസ്മയില്‍ പറയുന്നതിങ്ങനെ, “മലബാറിലെ ജനങ്ങള്‍ ആകെ ആശയക്കുഴപ്പത്തിലാണ്. വാക്‌സിന്‍ വുരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ മുന്നോട്ടുവരണമെന്നും തങ്ങളുമായി മുഖാമുഖത്തിന് തയ്യാറാവണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ശാസ്ത്രവിരുദ്ധ പ്രചാരണങ്ങള്‍ ജനങ്ങളെ കൊന്നൊടുക്കുന്ന ഇക്കാലത്ത് ഇത് അവസാനിപ്പിച്ചേ മതിയാവൂ. പൊതുവെ മലബാറില്‍ വാക്‌സിനേഷനെ സ്വീകരിച്ചവരുടെ ശതമാനം വളരെ കുറവാണ്. വാക്‌സിന്‍ മാത്രമല്ല വിഷയം, ശാസ്ത്രവിരുദ്ധതകൊണ്ട് പല പ്രശ്‌നങ്ങളും വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു പ്രകൃതി ചികില്‍സകന്‍ പ്രസവമെടുത്തിട്ട് രണ്ട് കുഞ്ഞുങ്ങള്‍ മരിക്കുകയും രണ്ട് അമ്മമാര്‍ ചികില്‍സയിലുമായിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരെ പരീക്ഷണ വസ്തുക്കളാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഡിഫ്ത്തീരിയയായിരുന്നു, ഇപ്പോള്‍ എംഎംആര്‍ ആണ്. വരും വര്‍ഷങ്ങളില്‍ മറ്റെന്തെങ്കിലുമായിരിക്കും. അപ്പോഴെല്ലാം ഇത് തന്നെയായിരിക്കും ഇവരുടെ നിലപാട്. മുസ്‌ലിം സമുദായങ്ങളുടെ ഇടയിലാണ് കൂടുതല്‍ ആശങ്കകള്‍ നിലനില്‍ക്കുന്നത്. എന്നാല്‍, ഇവരെ തെറ്റിദ്ധരിപ്പിക്കുന്നത് മലബാറിന് പുറത്തുള്ളവരാണെന്നും ഇവര്‍ ആരോപിച്ചു. ഡോ. മുഹമ്മദ് ഇസ്മായിലിന് പുറമെ ഡോ. ബിനൂപ് കണ്ണിയന്‍എന്നിവരാണ് വെല്ലുവിളിയുമായി രംഗത്തെത്തിയത്.
Next Story

RELATED STORIES

Share it