Flash News

'വാക്‌സിനേഷനെതിരായ പ്രചാരണം സാമൂഹികദ്രോഹം' : മുഖ്യമന്ത്രി



കൊച്ചി: കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായുള്ള വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ സാമൂഹികദ്രോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മീസില്‍സ്, റുബെല്ല പ്രതിരോധദൗത്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനംഎറണാകുളം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദേഹം. ലോകാരോഗ്യ സംഘടനയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഇത്തരത്തിലുള്ള വാക്‌സിനേഷന്‍ മാരകരോഗങ്ങളില്‍ നിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. ജീവിതാവസാനംവരെ ഇതിന്റെ പ്രയോജനം വാക്‌സിനേഷന്‍ എടുത്തവര്‍ക്കു ലഭിക്കും. എന്നാല്‍ ഇന്നു സമൂഹമാധ്യമങ്ങളിലടക്കം വാക്‌സിനേഷനെതിരേ തെറ്റായ പ്രചാരണങ്ങള്‍ നടക്കുകയാണ് ഇതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിരവധി ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഒരു വാക്‌സിനേഷന് രൂപം നല്‍കുന്നത്. എന്നാല്‍ ശാസ്ത്രീയമായ അടിത്തറയില്ലാതെ കെട്ടുകഥകള്‍ പടച്ചുവിട്ട് വാക്‌സിനേഷനെതിരേ പ്രചാരണം നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷനെതിരേ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ പേരില്‍ വരെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ജനങ്ങള്‍ കരുതിയിരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഒമ്പത് മാസം പൂര്‍ത്തിയായതുമുതല്‍ 15 വയസ്സു വരെയുള്ള സംസ്ഥാനത്തെ 76,13,602 കുട്ടികള്‍ക്കാണ് മീസില്‍സ്-റുബെല്ല പ്രതിരോധ കുത്തിവയ്പ് നല്‍കുന്നത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാ ര്‍, സ്വകാര്യ സ്‌കൂളുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, സാമൂഹികാരോഗ്യ, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, അങ്കണവാടികള്‍ എന്നിവ വഴിയാണ് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വാക്‌സിന്‍ നല്‍കുന്നത്.  കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ആരോഗ്യം, എന്‍എച്ച്എം, വിദ്യാഭ്യാസം, സാമൂഹികനീതി വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായും ഐഎംഎ തുടങ്ങിയ സര്‍ക്കാരിതര വകുപ്പുകളുടെയും സഹകരണത്തോടെയാണു പ്രതിരോധദൗത്യം നടത്തുന്നത്. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുടെ മകള്‍ ഇക്രയ്ക്കും ഡോ. ഹനീഷിന്റെ മക്കളായ മുഹമ്മദ് അഹ്‌സല്‍, ഹാല സ്വാലിഹ, ഹനിയ മറിയ, ഹെസ്സ ഹിന്ദ് എന്നിവര്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കിയാണു സംസ്ഥാനതല പരിപാടികള്‍ക്കു തുടക്കമായത്. ആരോഗ്യകേരളം തീം സോങിന്റെ പ്രകാശനം മുഖ്യമന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it