Flash News

വസ്തു ബ്രോക്കര്‍ രാജീവിന്റെ കൊലപാതകം : അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നു യുഡിഎഫ്



തിരുവനന്തപുരം: അങ്കമാലിയിലെ വസ്തു ബ്രോക്കര്‍ രാജീവിന്റെ കൊലപാതകം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നല്‍കി. സംസ്ഥാന പോലിസിന്റെ കുറ്റകരമായ അനാസ്ഥ കാരണമാണു രാജീവ് കൊല്ലപ്പെട്ടത്. തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് കൊല്ലപ്പെട്ട രാജീവ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. അഭിഭാഷകനായ സി പി ഉദയഭാനുവിനെതിരേയും ഹരജിയില്‍ പരാമര്‍ശമുണ്ടായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചു രാജീവ് അങ്കമാലി പോലിസില്‍ മാത്രമല്ല, മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നിട്ടും പോലിസ് മതിയായ സംരക്ഷണം നല്‍കാത്തതിനാലാണു രാജീവിന്റെ കൊലപാതകമുണ്ടായത്. പകരം പോലിസ് രാജീവിനെ പീഡിപ്പിക്കുകയാണു ചെയ്തതെന്ന പരാതി പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കൊലപാതകികള്‍ക്ക് ഉന്നതതല സ്വാധീനം ഉള്ളതിനാലും സംസ്ഥാന പോലിസിനെതിരേ ഗുരുതരമായ ആരോപണം നിലനില്‍ക്കുന്നതിനാലും കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതാണ് ഉചിതമെന്നു പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.രാജസ്ഥാനിലെ ബികാനീറില്‍ മലയാളി യുവതി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല രാജസ്ഥാന്‍ മുഖ്യമന്ത്രിക്കും കത്തയച്ചു. ഡല്‍ഹിയില്‍ താമസക്കാരിയായ യുവതി രാജസ്ഥാനില്‍ പോയി മടങ്ങുന്നതിന് ബസ് കാത്ത് നില്‍ക്കവെ അക്രമികള്‍ കാറില്‍ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ അടിക്കടി ഉണ്ടാവുന്നത് ദുഃഖകരമാണ്. കുറ്റവാളികള്‍ക്കെതിരേ നടപടികളെടുക്കുകയാണു വേണ്ടതെന്നും ചെന്നിത്തല കത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it