Idukki local

വഴിയോരക്കച്ചവടക്കാര്‍ക്ക് നാളെ ലൈസന്‍സ് നല്‍കും



തൊടുപുഴ: വഴിയോര കച്ചവടക്കാര്‍ക്കുള്ള ലൈസന്‍സ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം നാളെ മൂന്നിന് മുനിസിപ്പല്‍ ഹാളില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ നിര്‍വഹിക്കും. നാനൂറില്‍പ്പരം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ പരിശോധനകള്‍ പൂര്‍ത്തിയായ 45 പേര്‍ക്ക് ആദ്യഘട്ടത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും. പരിശോധന കള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാനദണ്ഡങ്ങള്‍ പാലിക്കുന്ന യോഗ്യരായ കച്ചവടക്കാര്‍ക്ക് രജിസ്‌ട്രേഷനും ലൈസന്‍സും അനുവദിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ലൈസന്‍സ് നല്‍കാനുള്ള തീരുമാനം അഭിനന്ദാനാര്‍ഹമാണെന്ന് സംയുക്ത തൊഴിലാളി യൂണിയനുകള്‍ അഭിപ്രായപ്പെട്ടു. വഴിയോര കച്ചവടക്കാര്‍ക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി ലക്ഷ്യം വച്ചു നടപ്പാക്കുന്ന പദ്ധതി പൂര്‍ണ അര്‍ത്ഥത്തിലണമെന്ന് സിഐടിയു ജില്ലാ ജോ. സെക്രട്ടറി ടി ആര്‍ സോമന്‍ അഭിപ്രായപ്പെട്ടു. യോഗ്യരായ മുഴുവന്‍ കച്ചവടക്കാര്‍ക്കും ലൈസന്‍സ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മന്‍മോഹന്‍ സിംങ്ങ് സര്‍ക്കാരിന്റെ കാലത്ത് വഴിയോര കച്ചവട നിയമം പാര്‍ലമെന്റില്‍ പാസാക്കിയത് പാതയോരത്ത് കച്ചവടം നടത്തിവന്നിരുന്നവരുടെ സുരക്ഷിതത്വത്തിനും അവരുടെ ഉപജീവനത്തിനും ശക്തമായ അടിത്തറ പാകുന്നതിന് വേണ്ടിയായിരുന്നുവെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ (ഐഎന്‍ടിയുസി) ജില്ലാ പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ് പറഞ്ഞു. ആ നിയമം ഇപ്പോള്‍ കേരള സംസ്ഥാനത്തും തൊടുപുഴ നഗരസഭസഭയിലും പ്രാവര്‍ത്തികമാക്കി വരുന്നുവെന്നുള്ളത് ഏറെ സന്തോഷകരമായ കാര്യമാണ്. പൊലീസന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നിരന്തരമായ അവഗണനയും ഭീഷണിപ്പെടുത്തലുകളും ഇതോടുകൂടി അവസാനിക്കുകയാണ്. സമൂഹത്തിന്റെ താഴെ തലങ്ങളിലുള്ള ചെരിപ്പ് കുത്തികള്‍ മുതല്‍ കടല വില്‍പ്പനക്കാരന്‍ വരെയുള്ള ഉപജീവനം മാര്‍ഗ്ഗം തേടിയെത്തുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രയോജനകരമാണ് രാജ്യവ്യാപകമായി നടപ്പിലാക്കിയ ഈ പദ്ധതി. പ്രാബല്യത്തിലാക്കിയതിന് ശേഷം ഇതില്‍ വെള്ളം ചേര്‍ക്കാതെ യാഥാര്‍ത്ഥ്യബോധത്തോടുകൂടി നിലനിര്‍ത്തിപോകാന്‍ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥന്‍മാര്‍ക്കും കഴിഞ്ഞാല്‍ ഒരു വലിയ വിപ്ലവമായി ഈ പദ്ധതി മാറുമെന്നും ജാഫര്‍ഖാന്‍ പറഞ്ഞു. വഴിയോര കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തീരുമാനം അഭിനന്ദാനാര്‍ഹമാണെന്ന് വഴിയോര കച്ചവട മസ്ദൂര്‍ സംഘ് (ബിഎംഎസ്) ജില്ലാ പ്രസിഡന്റ് ജി ജി ഹരികുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it