kozhikode local

വളയത്ത് വീണ്ടും ബോംബേറ്: പോലിസ് അന്വേഷണം ഊര്‍ജിതം

നാദാപുരം: വളയത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ബോംബേറുണ്ടായ സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. വീട്ടില്‍ ബോംബ് സ്‌ക്വാഡ് വിദഗ്ധര്‍ പരിശോധന നടത്തി. ചെക്കോറ്റ ആലായി ദീപക്കിന്റ വീടിന് നേരെയാണ് അജ്ഞാതര്‍ സ്റ്റീല്‍ ബോംബെറിഞ്ഞത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.
ദീപക് ഡിവൈഎഫ്‌ഐ ചെക്കോറ്റ യൂനിറ്റ് വൈസ് പ്രസിഡന്റാണ്. സംഭവം നടക്കുമ്പോള്‍ ദീപക്കും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീടിന് മുന്നിലെ നടവഴിയില്‍ നിന്നെറിഞ്ഞ ബോംബ് വീടിന്റെ മേല്‍ക്കൂരയില്‍ തട്ടി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂരയയിലെ ഓടും പട്ടികയും തകര്‍ന്നിട്ടുണ്ട്. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. നാദാപുരം സിഐ എം പി രാജേഷ്, ബോംബ് സ്‌ക്വാഡ് എഎസ്‌ഐ എം എം ഭാസ്‌ക്കരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വീട്ട് മുറ്റത്ത് നിന്ന് സ്‌ഫോടനത്തില്‍ പൊട്ടിച്ചിതറിയ സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ പോലിസ് കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച ചെക്കോറ്റയിലെ ബിഎംഎസ് പ്രവര്‍ത്തകന്‍ കാവേരി വിപിന്‍ കുമാറിന്റെ വീടിന് നേരെ ബോംബേറുണ്ടായിരുന്നു. ഈ സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. ഇതിനിടയിലാണ് വീണ്ടും ബോംബ്ബേറുണ്ടായത്. വിപിന്റെ പരാതിയില്‍ വളയം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മേഖലയില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകരുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it