Pathanamthitta local

വര്‍ണക്കാഴ്ചകളിലൂടെ കുരുന്നുകള്‍ ഇന്ന് അക്ഷരമുറ്റത്തേക്ക്

പത്തനംതിട്ട: കോരിചൊരിയുന്ന മഴയില്‍ പുതുവസ്ത്രങ്ങളും വര്‍ണക്കുടകളും ബാഗുകളുമായി കുരുന്നുകള്‍ ഇന്ന് അക്ഷരമുറ്റത്തേക്ക്. കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും പുതിയ അധ്യയനവര്‍ഷത്തിലേക്ക് കടക്കുന്ന കൊച്ചുകൂട്ടുകാരെ വരവേല്‍ക്കാന്‍ സ്‌കൂളുകളും അണിഞ്ഞൊരുങ്ങി.
പ്രവേശനോല്‍സവത്തിന്റെ ഭാഗമായി മധുരം വിളമ്പി പാട്ടും കളികളും സമ്മാനങ്ങളുമൊക്കെയായി കുരുന്നുകളെ വരവേല്‍ക്കാനുള്ള അന്തിമഘട്ട തയ്യാറെപ്പിലാണ് സ്‌കുളുകള്‍. ജില്ലയിലെ 688 സ്‌കൂളുകളിലാണ് ഇന്ന് പ്രവേശനോല്‍സവം നടക്കുക. രക്ഷിതാക്കള്‍ക്കുള്ള പരിശീലന പരിപാടികളും ഇതോടൊപ്പം നടക്കും. എല്‍പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവ സംയുക്തമായാണ് പ്രവേശനോല്‍സവം നടത്തുക.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പാഠപുസ്തകങ്ങള്‍ നേരത്തെ തന്നെ സ്‌കൂളുകളില്‍ എത്തിയിട്ടുണ്ട്. പ്രവേശനോല്‍സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കും. ജില്ലാതല സ്‌കൂള്‍ പ്രവേശനോല്‍സവം ഇന്നുരാവിലെ 10ന് പന്തളം തോട്ടക്കോണം ഗവ.സ്‌കൂളില്‍ നടക്കും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിക്കും.  പന്തളം നഗരസഭാധ്യക്ഷ ടി കെ സതി മുഖ്യപ്രഭാഷണം നടത്തും. ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ജി അനിതയും നവീകരിച്ച ക്ലാസ്മുറികളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ലസിത നായരും നിര്‍വഹിക്കും.
പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി സ്‌കൂള്‍ വിപണനമേളകള്‍ സജീവമായിരുന്നു. കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടേയും സിനിമാ താരങ്ങളുടേയും ചിത്രങ്ങളോടു കൂടിയ ബാഗുകളും ചെറുതും വലുതുമായ പലരൂപത്തിലുള്ള കുടകളും വിപണിയെ കൂടുതല്‍ സജീവമാക്കി. വസ്ത്രവിപണിയും തിരക്കിന്റെ കാര്യത്തില്‍ മുന്‍നിരയിലായിരുന്നു.
കഥയും കവിതകളും കളിചിരികളുമായി  ഇനി അക്ഷരങ്ങളുടെ ലോകത്തിലൂടെയാവും കുരുന്നുകളുടെ യാത്ര.
Next Story

RELATED STORIES

Share it