Flash News

വരാപ്പുഴ കസ്റ്റഡി മരണം: 27ന് എസ്ഡിപിഐ ധര്‍ണ

തിരുവനന്തപുരം: വരാപ്പുഴയില്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്നത്തെ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഈ മാസം 27ന് സെക്രേട്ടറിയറ്റ് ധര്‍ണ നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിചേര്‍ക്കാനുള്ള നിയമോപദേശം തേടിയിട്ട് ഒരു മാസത്തോളമായിട്ടും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഉപദേശം നല്‍കാതെ ഒൡച്ചുകളിക്കുന്നത് എ വി ജോര്‍ജിനെ സംരക്ഷിക്കാനാണ്. നിയമോപദേശം നല്‍കാതിരിക്കാനുള്ള കാരണമെന്താണെന്നു സര്‍ക്കാരും ഡിജിപിയും കേരള സമൂഹത്തോടു പറയണം.
അന്വേഷണ ഉദ്യോഗസ്ഥര്‍ മൂന്നു തവണ ചോദ്യം ചെയ്തതിന്റെയും വ്യക്തമായ തെളിവിന്റെയും അടിസ്ഥാനത്തിലാണ് എ വി ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള നിയമോപദേശം തേടിയിട്ടുള്ളത്. എന്നാല്‍, അന്വേഷണത്തേയാകെ അട്ടിമറിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്‍ നിന്നുണ്ടാവുന്നത്.
എ വി ജോര്‍ജിനോടുള്ള സിപിഎമ്മിന്റെ താല്‍പ്പര്യം മുമ്പും ചര്‍ച്ചയായിട്ടുള്ളതാണ്. പ്രകോപനപരമായി പ്രസംഗിച്ചുവെന്നാരോപിച്ച് അബ്ദുല്‍ നാസര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് തമിഴ്‌നാട് പോലിസിനു കൈമാറുകയും ചെയ്തതിനു നേതൃത്വം നല്‍കിയത് എ വി ജോര്‍ജായിരുന്നു. മഅ്ദനിയുടെ അറസ്റ്റിനെ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും രാഷ്ട്രീയ നേട്ടമായി എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടി. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ബീമാപ്പള്ളിയില്‍ ആറുപേരെ വെടിവച്ചു കൊന്നതിനു നേതൃത്വം നല്‍കിയതും എ വി ജോര്‍ജായിരുന്നു. അനുമതിയില്ലാതെയാണ് ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തതെന്നു കണ്ടെത്തിയിട്ടും ജോര്‍ജിനെ സംരക്ഷിക്കുന്ന നിലപാടാണ് അന്നത്തെ സിപിഎം സര്‍ക്കാര്‍ കൈക്കൊണ്ടത്. അതേ നിലപാട് തന്നെയാണ് വരാപ്പുഴയിലും സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നു റോയ് അറക്കല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it