വരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണസംഘത്തിന്റെ ഓഫിസ് മാറ്റി

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ ആലുവ പോലിസ് ക്ലബ്ബി ല്‍ നിന്നു മാറ്റി. പകരം അനുവദിച്ച പറവൂരിലെ ഓഫിസ് ഏറ്റെടുക്കാന്‍ പക്ഷേ അന്വേഷണ സംഘം തയ്യാറായിട്ടില്ല. കളമശ്ശേരി എആര്‍ ക്യാംപ് കേന്ദ്രീകരിച്ചാണു നിലവില്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നത്. കസ്റ്റഡി മരണത്തില്‍ പ്രതികളായ പോലിസുകാര്‍ ഉള്‍പ്പെട്ട ആര്‍ടിഎഫ് സ്‌ക്വാഡിന്റെ താവളവും ഇതേ ക്യാംപിലാണ്. മരിച്ച ശ്രീജിത്തിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള സാക്ഷികളെ കേസിന്റെ ആവശ്യങ്ങള്‍ക്കായി വിളിച്ചുവരുത്തുന്നതും ഇവിടേക്കാണ്.
പ്രത്യേക സംഘം രൂപീകരിച്ച് എറണാകുളം ജില്ലയില്‍ അടുത്തകാലത്ത് പോലിസ് അന്വേഷണം നടത്തിയ കേസുകളിലെല്ലാം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത് ആലുവ പോലിസ് ക്ലബ്ബ് കേന്ദ്രീകരിച്ചായിരുന്നു. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിയുടെ കൊലപാതകം, നടിയെ ആക്രമിച്ച കേസ് തുടങ്ങിയവയ്ക്കായി മാസങ്ങളോളം ക്ലബ്ബ് ഉപയോഗിച്ചിരുന്നു. എന്നാല്‍ പോലിസുകാര്‍ പ്രതികളായ കേസിന്റെ അന്വേഷണം പാതിവഴിയിലെത്തിയപ്പോഴാണു പതിവില്ലാത്ത ന്യായം നിരത്തി അന്വേഷണ സംഘത്തെ ഇവിടെ നിന്നു തുരത്തിയത്.
എസ്പി എ വി ജോര്‍ജ് മാറിയതിനു പിന്നാലെ ചുമതലയേറ്റ എസ്പി രാഹുല്‍ ആര്‍ നായരാണ് അന്വേഷണ സംഘത്തോട് ക്ലബ്ബില്‍ നിന്ന് ഒഴിയാന്‍ നിര്‍ദേശിച്ചത്. പോലിസ് ക്ലബ്ബ് കേസ് അന്വേഷണത്തിനുള്ളതല്ല, ഉന്നത ഉദ്യോഗസ്ഥരുടെ വിശ്രമസങ്കേതമാണ് എന്നാണു നിലവിലെ നിലപാട്. ക്ലബ്ബില്‍ നിന്നൊഴിവാക്കുന്നതിന് പകരമായി പറവൂരിലെ പഴയ സിഐ ഓഫിസ് അനുവദിച്ചിട്ടുണ്ടെന്നും ആലുവ എസ്പി പറഞ്ഞു. എന്നാല്‍ ഇത് ഏറ്റെടുക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. പകരം കളമശേരി എആര്‍ ക്യാംപിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം. എന്നാല്‍ കസ്റ്റഡിമരണക്കേസിലെ പ്രധാന പ്രതികളായ ആര്‍ടിഎഫ് സ്‌ക്വാഡിലെ മൂന്ന് പോലിസുകാരുടെ താവളം ഇതേ കളമശ്ശേരി ക്യാംപാണ്. ശ്രീജിത്തിന്റെ സഹോദരന്‍ അടക്കമുള്ളവരെ കഴിഞ്ഞദിവസം ഇവിടേക്ക് വിളിപ്പിച്ച് വീണ്ടും മൊഴി രേഖപ്പെടുത്തിയിരുന്നു.
പോലിസ് ക്യാംപിലെത്തി പോലിസുകാര്‍ക്കെതിരേ തെളിവു നല്‍കുന്നത് കേസിലെ സാക്ഷികളെ സമ്മര്‍ദത്തിലാക്കും. നേരത്തെ ശ്രീജിത്തിനെ കേസില്‍ നിന്നൊഴിവാക്കാന്‍ പോലിസുകാര്‍ കോഴ വാങ്ങിയ സംഭവത്തിലെ സാക്ഷികള്‍ ക്യാംപിലേക്ക് എത്താന്‍ തയ്യാറാവാതെ വന്നപ്പോള്‍ അന്വേഷണസംഘത്തിന് ഓരോരുത്തരുടെയും വീടുകളില്‍ നേരിട്ടെത്തി മൊഴി രേഖപ്പെടുത്തേണ്ടി വന്നിരുന്നു.
Next Story

RELATED STORIES

Share it