thiruvananthapuram local

വരള്‍ച്ച : കേന്ദ്രസംഘം ജില്ലയില്‍ പര്യടനം തുടങ്ങി



തിരുവനന്തപുരം: സംസ്ഥാനത്തെ വരള്‍ച്ചാ കെടുതികള്‍ പരിശോധിക്കാനെത്തിയ കേന്ദ്രസംഘം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ജില്ലയിലെത്തി. ജില്ലയിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച  സംഘം കുടിവെള്ള ക്ഷാമവും കൃഷി നാശവും നേരിട്ട് വിലയിരുത്തി. നഗരൂര്‍ ഗ്രാമ പഞ്ചായത്തിലെ വെള്ളല്ലൂര്‍ ഏല, പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ പെരിങ്ങമല ഏല, അമ്പൂരിയിലെ പന്തപഌമൂട്, കിളിമാനൂരിലെ പൂവമ്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ 50 ഏക്കറോളം വരുന്ന വെളളല്ലൂര്‍ ഏലയില്‍ രണ്ടു തവണയായി നടത്തിയ കൃഷി മുഴുവനായും നശിച്ച നിലയിലാണ്. പതിനഞ്ച് പാടശേഖരസമിതികളിലായി ഏഴുപത്തഞ്ച് കര്‍ഷകരാണ് ഇവിടെ നെല്‍കൃഷി നടത്തിയത്്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ രൂക്ഷമായ വരള്‍ച്ചയും കൃഷിനാശവും നേരിട്ടതെന്ന് കര്‍ഷകര്‍ കേന്ദ്രസംഘത്തെ അറിയിച്ചു.  പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ 9 ഹെക്ടറോളം വരുന്ന പാടശേഖരം ഉണങ്ങി വരണ്ട നിലയിലാണ്. സമീപത്തെ കിണറുകളും കാര്‍ഷികാവശ്യത്തിനായി ജലം ലഭ്യമാക്കിയിരുന്ന ചിറയും പൂര്‍ണമായി വറ്റി വരണ്ട നിലയിലാണെന്നും സംഘം വിലയിരുത്തി. കിളിമാനൂര്‍ പഴയകുന്നുമ്മല്‍ പഞ്ചായത്തുകളിലെ 30000 കുടുംബങ്ങളുടെ പ്രധാന ജലസ്രോതസ്സായിരുന്ന ചിറ്റാര്‍ പുഴയിലെ പമ്പിംഗ് സ്റ്റേഷനും സംഘം സന്ദര്‍ശിച്ചു. തീര്‍ത്തും വറ്റിവരണ്ട സ്ഥിതിയിലായ പുഴയില്‍ നിന്ന് ഊറുന്ന 1.5 ലക്ഷം ലിറ്റര്‍ ജലമാണ് ഇപ്പോള്‍ ഇവിടെ നിന്ന് പമ്പു ചെയ്യുന്നത്. പതിനഞ്ച് ലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്തിരുന്ന സ്ഥാനത്താണിത്. വാമനപുരം നദിയും സംഘം സന്ദര്‍ശിച്ചു. ജില്ലയിലെ രണ്ട് മുനിസിപ്പാലിറ്റികളുടെയും 28 പഞ്ചായത്തുകളുടെയും മുഖ്യ ജലസ്രോതസ്സായ വാമനപുരം നദിയിലെ പ്രധാന പമ്പിംഗ് സ്റ്റേഷനിലേക്ക് മറ്റു പോക്കറ്റുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത്  എത്തിച്ചാണ് പമ്പിംഗ് നടത്തുന്നതെന്ന് ജലവിഭവ വകുപ്പ് അധികൃതര്‍ അറിയിച്ചു. വിതുര കരിപ്പാലം തെണ്ടിയാമല ആദിവാസി സെറ്റില്‍മെന്റും സംഘം സന്ദര്‍ശിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായ ഇവിടെ രണ്ട് മൂന്ന് ദിവസത്തിലൊരിക്കല്‍ ആണ് വെള്ളം ലഭ്യമാകുന്നതെന്ന് സെറ്റില്‍മെന്റ് നിവാസികള്‍ പറഞ്ഞു. കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് കുടിവെള്ളം ശേഖരിക്കുന്നത്. ഇക്കാരണത്താല്‍ പലരും കോളനിയില്‍ നിന്ന് മാറി താമസിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. നെയ്യാറിന്റെ ഭാഗമായ കരിപ്പയാറും ആകെ വറ്റിവരണ്ട നിലയിലാണ് ഇക്കാരണത്താല്‍ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അമ്പൂരിയിലെ പന്തപഌമൂട് നിവാസികള്‍ നേരിടുന്നത്. അമ്പൂരി സന്ദര്‍ശിച്ച കേന്ദ്ര സംഘത്തോട് ഇവിടെയുള്ള 11 ആദിവാസി സെറ്റില്‍മെന്റുകളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നതായി പ്രദേശവാസികള്‍ അറിയിച്ചു. നിതി ആയോഗ് ഡെപ്യൂട്ടി അഡൈ്വസര്‍ മനേഷ് ചൗധരി, കുടിവെള്ള-ശുചിത്വ മന്ത്രാലയത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ജി ആര്‍ സര്‍ഗര്‍, മൃഗസംരക്ഷണമന്ത്രാലയം അസിസറ്റന്റ് കമ്മിഷണര്‍  ഡി വി റാവു, കേന്ദ്ര ജല കമ്മിഷന്‍ കേരള ഡയറക്ടര്‍ ആര്‍ തങ്കമണി, എഫ് സി ഐ ഏരിയാ മാനേജര്‍ അഗസ്റ്റിന്‍ കഌന്റണ്‍ എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്.  സംഘത്തെ ജില്ലാ കളക്ടര്‍ എസ് വെങ്കടേസപതി, ഡെപ്യൂട്ടി കളക്ടര്‍മാരായ എസ് ജെ വിജയ അനുഗമിച്ചു.
Next Story

RELATED STORIES

Share it