wayanad local

വരള്‍ച്ച: ആശ്വാസമായി തടയണകള്‍

മാനന്തവാടി: സംസ്ഥാന സര്‍ക്കാരിന്റെ ദുരന്ത പ്രതിരോധ നിധി ഉപയോഗിച്ച് വരള്‍ച്ച ലഘൂകരണത്തിനായി ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും നിര്‍മിച്ചുകൊണ്ടിരിക്കുന്ന താല്‍ക്കാലിക തടയണകള്‍ പൊതുജനത്തിന് ഏറെ ആശ്വാസമായി മാറുന്നു. ജില്ലാ മണ്ണ് സംരക്ഷണ ഓഫിസ് മുഖേന തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ 41000-ത്തോളം തടയണകള്‍ നിര്‍മിച്ച് കഴിഞ്ഞു.
മുന്‍ കാലങ്ങളില്‍ മണല്‍ ചാക്കുകള്‍ ഉപയോഗിച്ചായിരുന്നു തടയണകള്‍ നിര്‍മിച്ചിരുന്നത്. എന്നാല്‍ പ്ലാസ്റ്റിക് ചാക്കുകള്‍ പരിസ്ഥിതിക്ക് ദോഷകരമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കവുങ്ങിന്റെ പട്ടികകള്‍ ഉപയോഗിച്ച് തടയുണ്ടാക്കുകയും, മധ്യത്തില്‍ മണ്ണ് നിറത്ത് ബലപ്പെടുത്തുകയുമാണ് താല്‍ക്കാലിക തടയണ നിര്‍മാണത്തിന് അവലംഭിച്ച രീതി.
ഇത് മണല്‍ ചാക്ക് തടയണകളെ അപേക്ഷിച്ച് വളരെ ചെലവ് കുറയുകയും പരിസ്ഥിതിക്ക് അനുയോജ്യവുമാണ്. ജില്ലയുടെ ഭൂപ്രകൃതിയനുസരിച്ച് ഒരു ച.കി.മീറ്ററില്‍ രണ്ട് കിലോമീറ്ററോളം നീളത്തില്‍ നീര്‍ച്ചാല്‍ നിര്‍ബന്ധമാണ്. ഇത്തരം വലുതും ചെറുതുമായ നൂറുകണക്കിന് തോടുകളില്‍ 4000-ത്തോളം താല്‍ക്കാലിക തടയണകളാണ് നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. ഒരു മീറ്ററിന് 580 രൂപ മാത്രം ചെലവ് വരുന്ന തടയണകള്‍ ഗ്രാമീണ മേഖലകളിലെ കിണറുകളുടെ ജലവിതാനം ഉയര്‍ത്തുന്നതിനും, കാര്‍ഷിക ജലസേചനത്തിനും സഹായകരമായി മാറുകയാണ്. അരുവികളിലും, തോടുകളിലും ചെറുപുഴകളിലുമാണ് 50 സെ.മീ. ഉയരത്തില്‍ കവുങ്ങ് പാളികള്‍ കൊണ്ട് തടയണ നിര്‍മിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലും മറ്റു 15 പഞ്ചായത്തുകളിലുമാണ് ഇത്തരം തടയണകള്‍ നിര്‍മിക്കുന്നത്. ഇത്തരം തടയണകള്‍ പ്രദേശത്തെ ജലനിരപ്പ് ഉയര്‍ത്തുകയും, കൃഷിയിടങ്ങളില്‍ കൃഷിക്കും, കിണറുകളില്‍ ജലനിരപ്പ് ഉയരാനും കാരണമാകും. ഇതു നിരവധി കുടുംബങ്ങള്‍ക്കും, കര്‍ഷകര്‍ക്കും ആശ്വാസകരമായി മാറും.
Next Story

RELATED STORIES

Share it