wayanad local

വരള്‍ച്ചാ പ്രതിരോധം : കടമാന്‍തോട് പദ്ധതിക്കായി വീണ്ടും മുറവിളി



കല്‍പ്പറ്റ: തദ്ദേശീയരില്‍ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മുമ്പ് ജലവിഭവ വകുപ്പിന്റെ മുന്‍ഗണനാ പട്ടികയില്‍ ഇടം നഷ്ടമായ കടമാന്‍തോട് ജലസേചന പദ്ധതിക്കായി വീണ്ടും മുറവിളി. കര്‍ണാടകയുമായി അതിരുപങ്കിടുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളെ ഒരു പതിറ്റാണ്ടായി എല്ലാ വേനലിലും വരള്‍ച്ച ഗ്രസിക്കുന്ന സാഹചര്യത്തില്‍ പദ്ധതി പ്രാവര്‍ത്തികമാക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് പുല്‍പ്പള്ളി-മുള്ളന്‍കൊല്ലി ജനകീയ ആക്ഷന്‍ കമ്മിറ്റി. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി ജൂണ്‍ 10ന് പുല്‍പ്പള്ളിയില്‍ ജനകീയ കണ്‍വന്‍ഷന്‍ നടത്താനും തുടര്‍ന്ന് വിവിധ വകുപ്പ് മന്ത്രിമാര്‍ക്ക് നിവേദനം നല്‍കാനുമാണ് തീരുമാനം. വരള്‍ച്ചയ്ക്കും ഇതിന്റെ തിക്തഫലങ്ങളില്‍ ഒന്നായ കുടിവെള്ള ക്ഷാമത്തിനും പരിഹാരം കാണാന്‍ കടമാന്‍തോട് പദ്ധതി അനിവാര്യമാണെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. കബനി സബ് ബേസിനില്‍നിന്ന് കേരളത്തിനു 21 ടിഎംസി വെള്ളമാണ് കാവേരി നദീജല തര്‍ക്ക ട്രൈബ്യൂണല്‍ അനുവദിച്ചത്. ഇതില്‍ 12 ടിഎംസി ഉപയോഗപ്പെടുത്തുന്നതിന് 1980കളില്‍ ആസൂത്രണം ചെയ്ത ഒമ്പതു പദ്ധതികളിലൊന്നാണ് കടമാന്‍തോട്. നൂല്‍പ്പുഴ, ചുണ്ടാലിപ്പുഴ, കല്ലാപതി, ചേകാട്ട്, മഞ്ചാട്ട്, തിരുനെല്ലി, തൊണ്ടാര്‍, പെരിങ്ങോട്ടുപുഴ എന്നിവയാണ് മറ്റു പദ്ധതികള്‍. ഇതില്‍ കടമാന്‍തോട് (പുല്‍പ്പള്ളി), ചൂണ്ടാലിപ്പുഴ (മീനങ്ങാടി) എന്നിവയുടെ വിശദമായ പ്രൊജക്റ്റ് റിപോര്‍ട്ടുകള്‍ ജലവിഭവ വകുപ്പ് ഐഡിആര്‍ബി (ഇറിഗേഷന്‍ ഡിസൈന്‍ റിസര്‍ച്ച് ബോര്‍ഡ്) അംഗീകാരത്തിന് 2014 ഡിസംബറില്‍ സമര്‍പ്പിച്ചിരുന്നു. നിരക്ക് പുനപ്പരിശോധനയ്ക്കായി ഐഡിആര്‍ബി ജലവിഭവ വകുപ്പിനു തിരിച്ചയച്ച ഡീറ്റയില്‍ഡ് പ്രൊജക്റ്റ് റിപോര്‍ട്ട് (ഡിപിആര്‍) ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. 2012ലെ നിരക്കനുസരിച്ച് 330 കോടി രൂപയാണ് കടമാന്‍തോട് പദ്ധതി അടങ്കല്‍. പുല്‍പ്പള്ളിക്ക് സമീപം ആനപ്പാറയില്‍ കബനി നദിയുടെ കൈവഴിയായ കടമാന്‍തോടിനു കുറുകെ അണ നിര്‍മിച്ച് സംഭരിക്കുന്ന ജലം 1940 ഹെക്റ്ററില്‍ കൃഷിക്ക് ഉപയോഗപ്പെടുത്തുന്ന വിധത്തിലാണ് കടമാന്‍തോട് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. 28 മീറ്റര്‍ ഉയരവും 490 മീറ്റര്‍ നീളവും 14.62 മില്യണ്‍ ക്യുബിക് മീറ്റര്‍ സംഭരണശേഷിയുമുള്ള അണയാണ് രൂപകല്‍പന ചെയ്തത്. 1639 ഹെക്റ്ററാണ് വൃഷ്ടിപ്രദേശം. നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ 123.61 ഹെക്റ്റര്‍ വിസ്തൃതിയില്‍ ജലാശയം രൂപപ്പെടുമെന്നാണ് വിദഗ്ധാഭിപ്രായം. പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് പരമാവധി കുറയ്ക്കുന്നതിനു തുറന്ന കനാലിനു പകരം പൈപ്പുകളിലൂടെ കൃഷിസ്ഥലങ്ങളില്‍ വെള്ളം എത്തിക്കുന്ന വിധത്തിലായിരുന്നു പദ്ധതി ആസൂത്രണം. കടമാന്‍തോട് പദ്ധതിക്കായി 1.53 ടിഎംസി (43.32 മില്യണ്‍ ക്യുബിക് മീറ്റര്‍) ജലം ഉപയോഗപ്പെടുത്തുന്നതിനു  കവേരി ട്രൈബ്യൂണലിന്റെ അനുമതിയുണ്ട്. എങ്കിലും വന്‍കിട പദ്ധതിയില്‍ ജലാശയത്തിനും അനുബന്ധ പ്രവൃത്തികള്‍ക്കും വളരെ കൂടുതല്‍ സ്ഥലം വേണ്ടിവരുമെന്ന സാഹചര്യത്തിലാണ് 0.697 (19.74 മില്യണ്‍ ക്യുബിക് മീറ്റര്‍) വെള്ളം ഉപയോഗപ്പെടുത്തിയുള്ള ഇടത്തരം പദ്ധതി ആസൂത്രണം ചെയ്തത്. ജലസേചനത്തിനു പുറമെ മല്‍സ്യബന്ധനം, ടൂറിസം, വൈദ്യുതി ഉല്‍പാദനം, കുടിവെള്ള വിതരണം എന്നിവയ്ക്കും പദ്ധതി ഉതകുമെന്നാണ് ജലവിഭവ വകുപ്പിന്റെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it