Flash News

വയല്‍ക്കിളികള്‍ തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്തും

വയല്‍ക്കിളികള്‍ തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്തും
X


കണ്ണൂര്‍: ദേശീയപാത ബൈപാസിന്റെ ഭാഗമായി വയല്‍ നഷ്ടപ്പെടുന്ന കീഴാറ്റൂരിലെ കര്‍ഷക കൂട്ടായ്മയായ വയല്‍ക്കിളികള്‍ സമരം കൂടുതല്‍ ശക്തമാക്കുന്നു. വയലിലൂടെയുള്ള ബൈപാസ് പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചില്ലെങ്കില്‍ കീഴാറ്റൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് ലോങ്് മാര്‍ച്ച് സംഘടിപ്പിക്കാനാണ് ആലോചന. പുതിയ അലൈന്‍മെന്റ് പ്രഖ്യാപിക്കാത്ത പക്ഷം ലോങ് മാര്‍ച്ചില്‍ കേരളത്തിലെ ഹൈവേ വികസനത്തിന്റെ ഇരകളായി തീര്‍ന്ന മുഴുവന്‍ ജനങ്ങളെയും അണിനിരത്തും. വിഷുവിന് ശേഷമായിരിക്കും മാര്‍ച്ച് നടത്തുക. കഴിഞ്ഞ ദിവസം കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ സംഘടിപ്പിച്ച ബഹുജന മാര്‍ച്ചിന് വലിയ ജനപിന്തുണയാണു ലഭിച്ചത്. രാഷ്ട്രീയ, സമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധിപേര്‍ പങ്കെടുത്ത മൂന്നാംഘട്ട സമരം വിജയിച്ച പശ്ചാത്തലത്തിലാണ് ലോങ് മാര്‍ച്ചിനുള്ള ആലോചന. വിഷയം കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തുകയും, മേല്‍പാലം നിര്‍മിക്കുന്നതിന് തടസ്സമില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ തല്‍ക്കാലം കാത്തിരിക്കാനാണ് തീരുമാനം. കീഴാറ്റൂര്‍ വയലിലൂടെ എലിവേറ്റഡ് ഹൈവേ എന്ന നിര്‍ദേശം വയല്‍ക്കിളികള്‍ ഇതിനകം തള്ളിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ വ്യക്തതയില്ലെന്നും രണ്ടാഴ്ചത്തെ സാവകാശം നല്‍കുമെന്നും സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. ബദല്‍ മാര്‍ഗങ്ങള്‍ ആരായാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന നിര്‍ദേശമാണ് വയല്‍ക്കിളികള്‍ മുന്നോട്ടുവയ്ക്കുന്നത്. ഈ സമിതി മുമ്പ് കണ്ടെത്തിയ അലൈമെന്റുകള്‍ അടക്കം പുനപ്പരിശോധിക്കണം. തുടര്‍ന്ന് മറ്റു സാധ്യതകളൊന്നും ഇല്ലെങ്കില്‍ മേല്‍പ്പാലത്തെക്കുറിച്ച് ചര്‍ച്ചയാവാമെന്നും വയല്‍കിളികള്‍ പറയുന്നു. ഉടന്‍ പ്രശ്‌നപരിഹാരം ഉണ്ടാവെന്ന പ്രതീക്ഷയിലാണ് ഇവര്‍.
Next Story

RELATED STORIES

Share it