wayanad local

വയനാട് മെഡിക്കല്‍ കോളജ് : പ്ലാനും എസ്റ്റിമേറ്റും പുതുക്കുന്നു



കല്‍പ്പറ്റ: കോട്ടത്തറ വില്ലേജില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കിയ 50 ഏക്കര്‍ ഭൂമിയില്‍ എം കെ ജിനചന്ദ്രന്‍ സ്മാരക വയനാട് മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് പുതിയ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നു. ഇതിനായി ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനനന്ദന്‍ ചുമതലപ്പെടുത്തിയ സാങ്കേതികസംഘം ഇന്നലെ സ്ഥലപരിശോധന നടത്തി. മെഡിക്കല്‍ കോളജ് നിര്‍മാണത്തിനു നബാര്‍ഡ് അനുവദിച്ച 41 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഈ തുക വിനിയോഗിച്ച് കോളജിന്റെ ഭാഗമായ ആശുപത്രിക്ക് കെട്ടിടം പണിയുന്നതിനുള്ള പ്ലാനും എസ്റ്റിമേറ്റുമാണ് പുതുതായി തയ്യാറാക്കുന്നത്. സാങ്കേതിക സംഘം ഒന്നര മാസത്തിനകം സമര്‍പ്പിക്കുമെന്നും തുടര്‍ നടപടികള്‍ നാലാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കി കെട്ടിട നിര്‍മാണത്തിനു ടെന്‍ഡര്‍ വിളിക്കുമെന്നുമാണ് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. കൊച്ചിയിലെ സേഫ് മാട്രിക്‌സ് എന്ന കമ്പനി വയനാട് മെഡിക്കല്‍ കോളജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നിര്‍മാണത്തിനു നേരത്തെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു. ഇത് ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതേ കമ്പനിക്ക് ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ കണ്‍സള്‍ട്ടന്‍സി കോണ്‍ട്രാക്ട് നല്‍കിയതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസാണ് വയനാട് മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് പഴയ പ്ലാനും എസ്റ്റിമേറ്റും പ്രയോജനപ്പെടുത്താനാവാത്ത സാഹചര്യം സൃഷ്ടിച്ചത്. പണം നല്‍കാത്തതിനാല്‍ ഡ്രോയിങുകള്‍ കമ്പനി വിട്ടുകൊടുത്തിട്ടില്ല. സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍, ഉദയം മുതല്‍ അസ്തമയം വരെ പ്രദേശത്തെ സൂര്യഗതി, നിഴല്‍വീഴ്ച, കാറ്റ് തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് സേഫ് മാട്രിക്‌സ് വയനാട് മെഡിക്കല്‍ കോളജിന്റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിരുന്നത്. 950 കോടി രൂപ അടങ്കലില്‍ മൂന്നു ഘട്ടങ്ങളായാണ് മെഡിക്കല്‍ കോളജിന്റെ നിര്‍മാണം ആസൂത്രണം ചെയ്തിരുന്നത്. 350 കിടക്കകളോടുകൂടിയ ആശുപത്രിയുടെയും മെഡിക്കല്‍ കോളജിന്റെയും നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ 250 കോടി രൂപ മതിപ്പു ചെലവില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പിജി പഠനത്തിനും ഗവേഷണത്തിനുമുള്ള കെട്ടിടങ്ങളുടെ നിര്‍മാണം, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ എന്നിവയാണ് രണ്ടും മൂന്നും ഘട്ടങ്ങളില്‍ വിഭാവം ചെയ്തിരുന്നത്. 2012ലെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് വയനാട് മെഡിക്കല്‍ കോളജ്. ഇതിന്റെ ശിലാസ്ഥാപനം 2015 ജൂലൈ 12ന് കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നടത്തിയത്. സര്‍ക്കാര്‍ വയനാട്ടില്‍ ലക്ഷ്യമിടുന്നത് മെഡിക്കല്‍ കോളജ് മാത്രമല്ലെന്നും മെഡിസിറ്റിയാണെന്നും ശിലാസ്ഥാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. വയനാടിന് മെഡിക്കല്‍ കോളജ് അനുവദിച്ചതിനു പിന്നാലെ ഇതിനായി 50 ഏക്കര്‍ ഭൂമി ഉപാധികളോടെ സൗജന്യമായി വിട്ടുകൊടുക്കാനുള്ള സന്നദ്ധത ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് അറിയിച്ചെങ്കിലും 2016 ഫെബ്രുവരി രണ്ടിനാണ് സ്ഥലം പൂര്‍ണമായി റവന്യൂവകുപ്പ് ഏറ്റെടുത്തത്. മുഖ്യമന്ത്രി മെഡിക്കല്‍ കോളജിനു തറക്കല്ലിടുമ്പോള്‍ കേവലം അഞ്ചര ഏക്കര്‍ സ്ഥലം മാത്രമാണ് റീലിങ്ക്വിഷ് ചെയ്തിരുന്നത്. ബാക്കി 44.25 ഏക്കര്‍  2015 ഡിസംബര്‍ 23നും 12 സെന്റ് ഡിസംബര്‍ 26നുമാണ് റവന്യൂവകുപ്പിന്റെ കൈവശത്തിലായത്. കല്‍പ്പറ്റ-മാനന്തവാടി റോഡില്‍ മടക്കിമലയ്ക്ക് സമീപം മുരണിക്കരയില്‍ നിന്നാണ് നിര്‍ദിഷ്ട മെഡിക്കല്‍ കോളജിലേക്കുള്ള പാത. ഇതിന്റെ നിര്‍മാണം നടന്നുവരികയാണ്. 2016 ആഗസ്ത് 13ന് ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. മെഡിക്കല്‍ കോളജ് സൈറ്റിലേക്ക് 980 മീറ്റര്‍  റോഡും 12 കള്‍വര്‍ട്ടും ഒരു പാലവും നിര്‍മിക്കേണ്ടതുണ്ട്. മൂന്നു കോടി രൂപ അടങ്കലില്‍ പാതയുടെ മണ്‍പണിയാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്.
Next Story

RELATED STORIES

Share it