wayanad local

വയനാടിന് വന്‍കിട പദ്ധതികളില്ല; ആരോഗ്യമേഖലയ്ക്ക് തലോടല്‍

കല്‍പ്പറ്റ: വയനാടിനായി ബൃഹദ് പദ്ധതികളോ വന്‍കിട പ്രഖ്യാപനങ്ങളോ ഇല്ലാതെ സംസ്ഥാന ബജറ്റ്. എന്നാല്‍ ജില്ലയുടെ ആരോഗ്യമേഖലയെ ബജറ്റ് പ്രസംഗത്തില്‍ തലോടാനും ധനമന്ത്രി തോമസ് ഐസക് മറന്നില്ല. വയനാടിന്റെ സ്വപ്‌നപദ്ധതികളെക്കുറിച്ച് യാതൊരുവിധ പരാമര്‍ശങ്ങളും ബജറ്റിലില്ല. വയനാട് മെഡിക്കല്‍ കോളജ്, നഞ്ചന്‍കോട്-നിലമ്പൂര്‍-വയനാട് റെയില്‍പാത തുടങ്ങിയ പദ്ധതികള്‍ക്കായി ഒന്നും നീക്കിവച്ചിട്ടില്ല. പ്രഖ്യാപിച്ച പലതും കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചത് തന്നെയാണ്. മുള്ളന്‍കൊല്ലി-പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്തുകളിലെ വരള്‍ച്ചാ ലഘൂകരണത്തിനായി 80 കോടി ഈ ബജറ്റില്‍ വകയിരിത്തിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ 29 കോടി രൂപ വകയിരുത്തി പ്രഖ്യാപിച്ച നീര്‍ത്തട പദ്ധതിയാണിത്. വേനല്‍തുടങ്ങിയപ്പോഴെ വരള്‍ച്ച രൂക്ഷമായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ക്കായി അതേപദ്ധതി തന്നെ വീണ്ടും പ്രഖ്യാപിക്കുകയാണുണ്ടായതെന്നും ആക്ഷേപമുണ്ട്. കാപ്പി ബ്രാന്റ് ചെയ്യുന്ന പദ്ധതിയും മുന്‍പ് പ്രഖ്യാപിച്ചതാണ്. 67 ശതമാനം കാപ്പി കൃഷി ചെയ്യുന്ന വയനാട്ടിലെ കാപ്പിയെ വനത്തണലിലെ കാപ്പി എന്ന പേരില്‍ ബ്രാന്റ് ചെയ്യുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതേ പദ്ധതി ഈ ബജറ്റിലും പ്രഖ്യാപിച്ചിട്ടുണ്ട്. മെഗാ ഫുഡ്പാര്‍ക്കിലായിരിക്കും കാപ്പിയുടെ ബ്രാന്റിങ് നടക്കുകയെന്നും പറയുന്നു. പതിറ്റാണ്ടോളമായി നടപടികള്‍ നിലച്ച ഫുഡ്പാര്‍ക്കിന് അനുബന്ധമായി പ്രഖ്യാപിച്ച പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങാനാണ് സാധ്യത. പദ്ധതികളേറെയും കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചവയുടെ തുടര്‍ച്ചയാണ്. കുരുമുളക്, വയനാടിന്റെ തനത് നെല്ലിനങ്ങള്‍ എന്നിവയുടെ പുനരുദ്ധാരണം മണ്ണ്, ജലസംരക്ഷണം എന്നിവ ഉള്‍പെടുത്തി കഴിഞ്ഞവര്‍ഷം ബജറ്റില്‍ വയനാട് പാക്കേജില്‍ 19 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ വര്‍ഷവും അധിക തുക അനുവദിച്ചത്. കബനിനദീ ജല സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള നീര്‍ത്തട പദ്ധതി, കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി, കാരാപ്പുഴ, ബാണാസുര ജലസേചന പദ്ധതി, പൂക്കോട് വെറ്ററിനറി സര്‍വകലാശാലക്ക് 78 കോടി, കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഡി അഡിക്ഷന്‍ സെന്റര്‍ തുടങ്ങിയവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍. അതേ സമയം ആദിവാസികള്‍ കൂടുതലുള്ള ജില്ല എന്ന പരിഗണനയില്‍ വയനാട്ടിലെ ആദിവാസികളുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികളില്ലാത്തത് പോരായ്മയായി. തലശേരി- മാനന്തവാടി മൈസൂര്‍ പാത ബജറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ പാതയുടെ വിശദമായ പദ്ധതി രേഖ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച് കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ നിര്‍ദിഷ്ട പാതയുടെ പ്രവര്‍ത്തി തുടങ്ങുമെന്നാണ് കരുതുന്നതെന്നും ധനമന്ത്രി സൂചിപ്പിച്ചിട്ടുണ്ട്.  വനം-വന്യജീവി മേഖലയുമായി ബന്ധപ്പെട്ട് പൊതുവായി 243 കോടിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്ടില്‍ വനമേഖല കൂടുതലായതിനാല്‍ 243 കോടിയില്‍ മതിയായ വിഹിതം വയനാടിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. വനാതിര്‍ത്തികള്‍ വേര്‍തിരിക്കാനും വനാതിര്‍ത്തികള്‍ സംരക്ഷിക്കാനുമായി മൊത്തത്തില്‍ 55 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ വിഹിതവും വയനാടിന് ലഭിക്കും. വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരത്തിനായി 20 കോടി രൂപ മാറ്റിവയ്ക്കും. വന്യജീവികള്‍ക്ക് കുടിവെള്ളം എത്തിക്കാനായി നബാര്‍ഡിന്റെ സഹായത്തോടെ 50 കോടി രൂപ വിനിയോഗിക്കുമെന്നും ബജറ്റില്‍ പറയുന്നു. ഈ പദ്ധതികളുടെ ഗുണവും വയനാടിന് ലഭിക്കും.  ഇത്തവണ പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക്15 കോടി  പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് നിര്‍മാണ പ്രവര്‍ത്തി തുടങ്ങിയവക്കാണോ അതോ കടലാസില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന വയനാട് ഗവ. മെഡിക്കല്‍ കോളജ് ഈ പട്ടികയില്‍ ഉള്‍പ്പെടുമോ എന്ന് വ്യക്തമല്ല. പക്ഷെ വയനാട് മെഡിക്കല്‍ കോളജിന് ബജറ്റില്‍ 100 കോടി അനുവദിച്ചിട്ടുണ്ടെന്നാണ് സിപിഎം അവകാശവാദം. ധനമന്ത്രിയുടെ ബജറ്റില്‍ വയനാട് മെഡിക്കല്‍ കോളജിനെ പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ ബജറ്റിന്റെ ഭാഗമായുള്ള കൈപുസ്തകത്തി ല്‍ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ടെന്ന് സിപിഎം നേതാക്കള്‍ പറയുന്നു.
Next Story

RELATED STORIES

Share it