വയനാടന്‍ ചുരത്തില്‍ ഗതാഗതം പുനസ്ഥാപിച്ചു

താമരശ്ശേരി: മണ്ണിടിച്ചില്‍ കാരണം ഗതാഗതം മുടങ്ങിയ വയനാടന്‍ ചുരത്തിലൂടെ ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ടോടെ കെഎസ്ആര്‍ടിസി ബസ്സില്‍ പരീക്ഷണ യാത്ര നടത്തി.
ചരക്കുലോറികള്‍ക്കും സ്വകാര്യ ബസ്സുകള്‍ക്കുമുള്ള നിയന്ത്രണം തുടരുമെന്ന് മന്ത്രി പറഞ്ഞു. മണ്ണിടിഞ്ഞതിന്റെ മറുഭാഗത്ത് റോഡ് വീതികൂട്ടിയാണ് ഇന്നലെ രാത്രിമുതല്‍ നിയന്ത്രണത്തോടെ വാഹനങ്ങള്‍ കടത്തിവിടുന്നത്. ഈ മാസം 14നാണ് ചുരം രണ്ടാം വളവിനു താഴെ ചിപ്പിലിത്തോടിന് സമീപം മണ്ണിടിച്ചിലുണ്ടായത്. തുടര്‍ന്ന്, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം പ്രദേശം സന്ദര്‍ശിക്കുകയും ഗതാഗതം പുനസ്ഥാപിക്കാനുള്ള അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന്, മണ്ണിടിച്ചിലുണ്ടായതിന്റെ മറുഭാഗത്ത് മതില്‍ ഇടിച്ച് റോഡ് വീതി കൂട്ടുകയും ടാറിങ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയുമായിരുന്നു.
ശനിയാഴ്ച വൈകീട്ടോടെ പ്രവൃത്തി പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ ചുരത്തിലെത്തി പരീക്ഷണ യാത്ര നടത്തി. കെഎസ്ആര്‍ടിസി ബസ്സുകളും ഇതര സംസ്ഥാന സര്‍ക്കാരുകളുടെ യാത്രാ വാഹനങ്ങളും ചെറിയ വാഹനങ്ങളും മാത്രം കടത്തിവിടും. എന്നാല്‍, സ്‌കാനിയ ബസ്സുകള്‍ക്ക് രാത്രി 10നും രാവിലെ ആറിനും ഇടയില്‍ മാത്രമാണ് അനുവാദമുള്ളത്. ചരക്കു വാഹനങ്ങള്‍ക്ക് ഒരു നിലയ്ക്കും ഇതുവഴി പ്രവേശനം നല്‍കില്ല. ഇതര സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ചുരം ഇടിഞ്ഞതിനു ശേഷം നല്‍കിയ മറ്റു റൂട്ടിലൂടെ തന്നെ സര്‍വീസ് നടത്തണം. എന്നാല്‍, സ്വകാര്യ ബസ് സര്‍വീസുകളുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
Next Story

RELATED STORIES

Share it