Flash News

വന പ്രദേശത്ത് മാലിന്യപ്ലാന്റ് : പ്രതിഷേധം ശക്തം

വന പ്രദേശത്ത് മാലിന്യപ്ലാന്റ് : പ്രതിഷേധം ശക്തം
X


പാലോട്: ഖര മാലിന്യത്തില്‍ നിന്നു വൈദ്യുതി പദ്ധതിക്കായി പെരിങ്ങമ്മലയില്‍ കണ്ടെത്തിയ വന പ്രദേശത്ത് ആദിവാസികളുടെ പ്രതിഷേധാഗ്‌നി. പ്ലാന്റ് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ആക്ഷന്‍ കൗണ്‍സില്‍ ഇന്നലെ യോഗം ചേര്‍ന്നു.
മറ്റൊരു വിളപ്പില്‍ശാല ആക്കരുതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ആദിവാസികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. അഗസ്ത്യ വന താഴ്‌വരയിലെ പശ്ചിമഘട്ട പരിസ്ഥിതി ദുര്‍ബല പ്രദേശമായ ഒരുപറ, ഏഴാം ബ്ലോക്കിലാണ് പതിനഞ്ച് ഏക്കര്‍ സ്ഥലത്ത് സര്‍ക്കാര്‍ വൈദ്യുതി പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. നേരത്തെ ഇതിനടുത്ത പ്രദേശമായ ഓടുചുട്ട പടുക്കയില്‍ ബയോ മെഡിക്കല്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരേ പ്രതിഷേധം നടക്കുന്നതിനിടയിലാണ് അടുത്ത പദ്ധതിയുമായി സര്‍ക്കാര്‍ വനം കയറുന്നത്. ജില്ലയിലെ പ്രധാന വനമേഖലയായ പ്രദേശത്ത് പദ്ധതി നടപ്പാക്കുന്നതോടെ ചിറ്റാര്‍ നദിയുള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസ്സുകള്‍ നശിക്കുകയും പ്രദേശത്തിന് ഭീഷണയാവുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ വനാന്തര്‍ ഭാഗത്തെ ആദിവാസി ഊരുകളിലും ജന ജീവിതം ദുസ്സഹമാവും. ഇതിനെതിരേ ഇന്നലെ വിളിച്ചു കൂട്ടിയ ആക്ഷന്‍ കൗണ്‍സിലില്‍ അടുത്തമാസം ആദ്യം മുതല്‍ സമരം ആരംഭിക്കാന്‍ തീരുമാനിച്ചു. അഗ്രിഫാമിന് സമീപത്തെ പന്നിയോട്ടുകടവ് ആദിവാസി കോളനിയിലാണ് സമരപ്പന്തല്‍ കെട്ടി പ്രതിഷേധം ആരംഭിക്കുക.
ജൈവ വൈവിദ്യമേഖലയായ പ്രദേശത്തെ ഒഴിവാക്കാന്‍ മന്ത്രിയുള്‍പ്പെടെയുള്ള ജനപ്രതിനിധികളുമായി ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ ആവശ്യപ്പെടും. പ്രദേശത്തെ വിദ്യാര്‍ഥികളെ കൊണ്ട് മുഖ്യമന്ത്രിക്ക് വിഷയത്തില്‍ കത്തയക്കല്‍ തുടങ്ങിയ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഒരുപറ, കരിക്കകം ആദിവാസി ഊരുകളില്‍ നിന്നായി നൂറുകണക്കിന് ആളുകളാണ് യോഗത്തില്‍ പങ്കെടുത്തത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ അസീം പള്ളിവിള കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ നിസാര്‍ മുഹമ്മദ്‌സുല്‍ഫി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഇടവം ഷാനവാസ്, ട്രഷറര്‍ സോഫി തോമസ്, അന്‍സാരി കൊച്ചുവിള, വിമല്‍ രാജ്, ശരവണ്‍ചന്ദ്രന്‍, മഹാസേനന്‍, ശ്രീലത, ശിവാനന്ദന്‍, ഷാനവാസ്, സോളി തോമസ് സംസാരിച്ചു.
Next Story

RELATED STORIES

Share it