Ramadan Special

വന്‍ ശക്തികളുടെ കാര്യത്തിലൊരു വാതുവെപ്പ്

വന്‍ ശക്തികളുടെ കാര്യത്തിലൊരു വാതുവെപ്പ്
X
പ്രവാചക കാലഘട്ടത്തിലെ രണ്ടു വന്‍ ശക്തികളായിരുന്നു പേര്‍ഷ്യയും റോമും.ബി.സി. 610 ല്‍ പേര്‍ഷ്യന്‍- റോമന്‍ സാമ്രാജ്യങ്ങള്‍ തമ്മില്‍ സംഘട്ടനമാരംഭിച്ചു. നുബുവ്വത്തിന്റെ (പ്രവാചകത്വത്തിന്റെ) അഞ്ചാം വര്‍ഷം ആയപ്പോഴേക്കും പേര്‍ഷ്യ റോമിന്റെ മേലുളള തങ്ങളുടെ വിജയം പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു.

സമീപ പ്രദേശത്തു വെച്ചു നടക്കുന്ന രണ്ടു സാമ്രാജ്യങ്ങളുടെ ബലാബല മല്‍സരത്തില്‍ മക്കയിലെ ജനങ്ങള്‍ വലിയ താല്‍പര്യം പ്രകടിപ്പിക്കുക സ്വാഭാവികമായിരുന്നു. എത്രത്തോളമെന്നാല്‍ അഗ്നിയാരാധകരായ പേര്‍ഷ്യക്കാര്‍ ;സ്ഖലിതങ്ങളുണ്ടെങ്കിലും അടിസ്ഥാനപരമായി ഏക ദൈവ വിശ്വസികളായ ക്രൈസ്തവ റോമിനു മേല്‍ നേടിയ വിജയം തങ്ങളുടെ കൂടി വിജയമായി ബഹുദൈവാരാധകരായ മക്കാ മുശ്‌രിക്കുകള്‍ വാദിച്ചു.
മാത്രവുമല്ല അതേ മാതൃകയില്‍ തങ്ങള്‍ ഏകദൈവ വിശ്വാസത്തിന്റെ വക്താക്കളായ മുസ്ലിംകള്‍ക്കു മേല്‍ ആധിപത്യം നേടുമെന്നും അവര്‍ അവകാശപ്പെട്ടു.
യുദ്ധത്തില്‍ റോം അമ്പേ പരാജയപ്പെട്ടു. റോമന്‍ ചക്രവര്‍ത്തി ഹെര്‍ക്കുലീസിന് നില്ക്കള്ളിയില്ലാതെ നില്‍ക്കുന്ന സമയം. മക്കാ മുശ്‌രിക്കുകളുടെ അവകാശ വാദങ്ങള്‍ക്കു തടയിട്ടു കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ വിഷയത്തിലിടപ്പെട്ടു  പ്രഖ്യാപിച്ചു.
'റോമക്കാര്‍ ഈ അടുത്ത ഭൂപ്രദേശത്തു പരാജിതരായിരിക്കുന്നു. ഈ പരാജയത്തിനു ശേഷം ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ അവര്‍ ജേതാക്കളാകും. മുമ്പും ശേഷവും അധികാരം അല്ലാഹുവിന്റേത് മാത്രമാകുന്നു.അന്നേ ദിവസം സത്യ വിശ്വാസികള്‍ അല്ലാഹുവിന്റെ സഹായത്താല്‍ സന്തുഷ്ടരാകുന്നതാണ്. അല്ലാഹു അവനുദ്ദേശിക്കുന്നവരെ സഹായിക്കുന്നു. അവന്‍ പ്രതാപിയും കരുണാനിധിയുമാകുന്നു. അല്ലാഹു ചെയ്ത വാഗ്ദാനമാണിത്. അല്ലാഹു അവന്റെ വാഗ്ദാനം അലംഘനീയമാണ്. പക്ഷേ അധിക പേരും അതറിയുന്നില്ല.
'വിശുദ്ധ ഖുര്‍ആന്‍ അധ്യായം 30.   സൂറ അര്‍റൂം 2-6

അത്യന്തം പ്രതികൂലാവസ്ഥയിലുളള; പരാജയത്തിന്റെ അടിത്തട്ടിലേക്ക് കൂപ്പു കുത്തി കൊണ്ടിരിക്കുന്ന ഒരു കൂട്ടരാണ് ഏതാനും വര്‍ഷങ്ങള്‍ക്കകം ജേതാക്കളാകുമെന്നു വിശുദ്ധ ഖുര്‍ആന്‍ പ്രവചിച്ചത്. എത്രത്തോളമെന്നാല്‍ ഈ വചനങ്ങള്‍ ഇറങ്ങിയ വേളയില്‍ റോമന്‍ ചക്രവര്‍ത്തി ഹെര്‍ക്കുലീസ് തന്റെ ആസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ ഉപേക്ഷിച്ച് കാര്‍ത്തേജിലേക്ക് പലായനം ചെയ്യാന്‍ വരെ ഉദ്ദേശിച്ചിരുന്നു്. ഈയവസ്ഥയില്‍ പരാജിതരായ റോമാ സാമ്രാജ്യം ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ തലസ്ഥാനം വീണ്ടെടുക്കുക മാത്രമല്ല പേര്‍ഷ്യയും കീഴടക്കുമെന്നു പറയുന്നത് മനുഷ്യ ബുദ്ധിക്ക് സങ്കല്‍പിക്കാന്‍ പോലും സാധിക്കാത്തതായിരുന്നു.

എന്നാല്‍ ഖുര്‍ആന്റെ പ്രവചനം സത്യമായി പുലര്‍ന്നു തുടങ്ങാന്‍ വെറും ഏഴു വര്‍ഷം മാത്രമേ വേണ്ടി വന്നുളളൂ. ബി.സി. 622 ല്‍ സീസര്‍ ചക്രവര്‍ത്തി ഹെര്‍ക്കുലീസ് കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിന്നു തറാപ്‌സോണിലേക്കു പോവുകയും അവിടെ നിന്നു പ്രത്യാക്രമണത്തിനു ഒരുക്കങ്ങള്‍ ചെയ്യുകയും ചെയ്തു. ഇതേ വര്‍ഷം തന്നെ സത്യവിശ്വാസികളുടെ കാര്യത്തിലുളള പ്രവചനവും യാഥാര്‍ത്ഥ്യമായിത്തുടങ്ങി. പ്രവാചകനും അനുയായികള്‍ക്കും മദീനയില്‍ അഭയം ലഭിക്കുകയും മദീന കേന്ദ്രമായി ഒരു ഇസ്ലാമിക രാഷ്ട്രം നിലവില്‍ വരികയും ചെയ്തു.
ബി.സി. 624 ആയപ്പോഴേക്കും അര്‍മേനിയായില്‍ നിന്ന് പോരാട്ടം തുടങ്ങിയ ഹെര്‍ക്കുലീസ് അസര്‍ബൈജാനിലേക്കു കയറുകയും പേര്‍ഷ്യക്കു വലിയ രീതിയില്‍ ക്ഷതമേല്‍പിക്കുകയുമുണ്ടായി. ഇതേ വര്‍ഷം തന്നെ(ഹിജ്‌റ രണ്ടാം വര്‍ഷം) അല്ലാഹു ബദര്‍ യുദ്ധത്തില്‍ മക്കാമുശരിക്കുകള്‍ക്കു മേല്‍ മുസ്ലിംകള്‍ക്ക് ഐതിഹാസിക വിജയം നല്കി.
പിന്നീടങ്ങോട്ട് ചാരത്തില്‍ നിന്നുണര്‍ത്തെഴുന്നേറ്റ ഫീനിക്‌സ് പക്ഷിയെപ്പോലെ റോം പേര്‍ഷ്യക്കു മേല്‍ നിരന്തര വിജയങ്ങള്‍ നേടികൊണ്ടിരുന്നു. ബി.സി. 627-ല്‍ പേര്‍ഷ്യന്‍ സാമ്രാജ്യം പാടേ തകര്‍ന്നു.ചക്രവര്‍ത്തിയുടെ ആസ്ഥാനം വരെ തകര്‍ക്കപ്പെട്ടു. 628-ല്‍ കൊട്ടാര വിപഌത്തെ തുടര്‍ന്ന് കല്‍തുറുങ്കിലടക്കപ്പെട്ട കൈസര്‍ ചക്രവര്‍ത്തി മരിച്ചു.
മറു വശത്ത് ഇതേ വര്‍ഷം തന്നെ ചരിത്രത്തിലാദ്യമായി മക്കാമുശരിക്കുകള്‍ മദീനയിലെ ഇസലാമിക രാഷ്ട്രത്തെ അംഗീകരിക്കുകയും രാഷ്ട്രത്തലവനായ പ്രവാചകനുമായി ഹുദൈബിയായില്‍ വെച്ച് സന്ധിയില്‍ ഒപ്പിടുകയും ചെയ്തു.
ബി.സി. 629-ല്‍ ബൈത്തുല്‍ മുഖദ്ദിസില്‍ സീസര്‍ വിശുദ്ധ കുരിശ് പുനസ്ഥാപിച്ചു.
ഖുര്‍ആന്‍ ഇത്തരത്തിലൊരുപ്രവചനം നടത്തിയപ്പോള്‍ ഖുറൈശികള്‍ തീര്‍ത്തും അസംഭവ്യമായ പ്രവചനമെന്നു പറഞ്ഞു മുസ്ലിംകളെ കണക്കിനു പരിഹസിച്ചിരുന്നു. ഖുറൈശീ നേതാവായ ഉബയ്യ്ബ്‌നു ഖലഫ് അബൂബക്കര്‍ സിദ്ധീഖുമായി ഇക്കാര്യത്തില്‍ പന്തയത്തിനു വരെ തയ്യാറായി. മൂന്നു വര്‍ഷത്തിനുളളില്‍ റോമക്കാര്‍ ജയിച്ചാല്‍ ഉബയ്യ് പത്ത് ഒട്ടകങ്ങളെ അബൂബക്കറിന് നല്‍കാമെന്നും മറിച്ചാണെങ്കില്‍ അബൂബക്കര്‍ തിരിച്ചും നല്‍കണമെന്നുമായിരുന്നു  വ്യവസ്ഥ. എന്നാല്‍ പ്രവാചകന്റെ നിര്‍ദ്ദേശാനുസരണം അബൂബക്കര്‍ പന്തയത്തിന്റെ കാലാവധി മൂന്നില്‍ നിന്നു പത്തായി ഉയര്‍ത്തി. ഒട്ടകങ്ങളുടെ എണ്ണം പത്തില്‍ നിന്ന് നൂറായും വര്‍ധിപ്പിച്ചു. നിശ്ചിത കാലയളവ് പൂര്ത്തിയാകുന്നതിനു മുമ്പേ മരണപ്പെട്ട ഉബയ്യിനു വേണ്ടി അനന്തരാവകാശികള്‍ അബൂബക്കര്‍ സിദ്ദീഖിന് ഒട്ടകങ്ങളെ കൈമാറി. പന്തയ മുതലായതിനാല്‍ അബൂബക്കര്‍ ആ ഒട്ടകങ്ങളെ സ്വന്തത്തിനു വേണ്ടി ഉപയോഗിക്കാതെ ദാനം ചെയ്യുകയാണ് ചെയ്തത്.
Next Story

RELATED STORIES

Share it