വന്‍കിട കമ്പനികള്‍ക്ക് കാര്‍ഷിക വായ്പ

ന്യൂഡല്‍ഹി: കാര്‍ഷികവൃത്തിയും ചെറുകിട കര്‍ഷകരെയും പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള വായ്പകള്‍ വന്‍കിട കമ്പനികള്‍ക്ക് നല്‍കി വന്‍ തട്ടിപ്പ്. 2016ല്‍ മാത്രം വന്‍ കിട കമ്പനികള്‍ക്ക് അനുവദിച്ചത് 58,561 കോടി രൂപയുടെ വായ്പ. സര്‍ക്കാര്‍ ബാങ്കുകള്‍ 615 ബാങ്ക് അക്കൗണ്ടുകള്‍ക്കായാണ് ഇത്രയും തുക അനുവദിച്ചത്. കാര്‍ഷിക വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വലിയ കമ്പനികളൊക്കെ കാര്‍ഷിക വായ്പായിനത്തിലാണ് ബാങ്കുകളില്‍ നിന്നു ലോണ്‍ എടുക്കുന്നത്. റിലയന്‍സ് ഫ്രഷ് പോലെത്ത കമ്പനികളൊക്കെ ഈ വിഭാഗത്തില്‍ പെടുന്നവയാണ്. ഇത്തരം കമ്പനികള്‍ ഗോഡൗണുകളുടെ നിര്‍മാണത്തിനും മറ്റുമൊക്കെയായി ബാങ്കുകളില്‍ നിന്നു കാര്‍ഷിക വായ്പകള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നു കര്‍ഷക സംഘടനയായ റിതു സ്വരാജ്യ വേദികയുടെ സ്ഥാപകന്‍ കിരണ്‍ കുമാര്‍ വിസ്സ പറയുന്നു. 'ദ വയര്‍' വെബ്‌സൈറ്റ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്കു മറുപടിയായി റിസര്‍വ് ബാങ്കാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. സാധാരണ വായ്പയേക്കാള്‍ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാകും എന്നതാണു കാര്‍ഷിക വായ്പകളുടെ പ്രത്യേകത. മറ്റു വായ്പകള്‍ അനുവദിച്ചു കിട്ടാനുള്ള നിബന്ധനകളൊന്നും കാര്‍ഷിക വായ്പകള്‍ക്ക് ഇല്ല. ചെറുകിട കര്‍ഷകര്‍ക്കും താഴേക്കിടയിലുള്ളവര്‍ക്കും വായ്പ ലഭ്യമാക്കുന്നത് എളുപ്പമാക്കാന്‍ വേണ്ടിയാണു നിബന്ധനകള്‍ എടുത്തുകളഞ്ഞത്. നിലവില്‍ കാര്‍ഷിക വായ്പകള്‍ക്ക് നാലു ശതമാനം പലിശ മാത്രമാണു ബാങ്കുകള്‍ ഈടാക്കുന്നത്.

Next Story

RELATED STORIES

Share it