Idukki local

വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ ; കുമളിയില്‍ പ്രതിഷേധം



കുമളി: ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെരിയാര്‍ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് (ഐ) കുമളി, വണ്ടിപ്പെരിയാര്‍ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ വന മേഖലയോട് ചേര്‍ന്ന സ്ഥിതി ചെയ്യുന്ന ജനവാസ മേഖലകളിലാണ് അടുത്തിടെയായി വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമായത്. മൂന്നാര്‍ മേഖലകളില്‍ കാട്ടാന നാട്ടിലേയ്ക്കിറങ്ങുന്നു. കുമളിയിലും, വണ്ടിപ്പെരിയാര്‍ വള്ളക്കടവ് എന്നീ പ്രദേശങ്ങളില്‍ കുരങ്ങ്, മ്ലാവ്, കേഴ, ആന ഉള്‍പ്പെടെയുള്ള മൃഗങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കൂടാതെ പെരിയാര്‍ കടുവാ സങ്കേതത്തിന്റെ സമീപ പ്രദേശങ്ങളായ കൊല്ലംപട്ടട, സ്പ്രിംഗ് വാലി, അമരാവതി നൂലാംപാറ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുലിയുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. ഇവിടെ രണ്ട് ആടുകളേയും ഒരു നായയേയും പുലി കൊലപ്പെടുത്തായിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളിലൂടെയാണ് ക്യാമറ  പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഭയാശങ്കയിലായ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുള്ള നടപടികള്‍ വനം വകുപ്പ് സ്വീകരിച്ചില്ല. ഇതിനെ തുര്‍ന്നായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാന്‍ കിടങ്ങും, വൈദ്യുത വേലിയും നിര്‍മ്മിക്കാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കുമെന്നും, വനം വകുപ്പ് മന്ത്രി ജില്ലയുടെ എല്ലാ മേഖലകളിലും സന്ദര്‍ശനം നടത്തണമെന്നും ആവശ്യപ്പെട്ടു. കുമളി ടൗണില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് തേക്കടി എന്‍ട്രന്‍സ് ചെക്‌പോസ്റ്റില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് ഒരു മണിക്കൂറോളം തേക്കടി റോഡ് ഉപരോധിച്ചു. കോണ്‍ഗ്രസ്സ് കുമളി മണ്ഡലം പ്രസിഡന്റ് ബിജു ദാനിയേല്‍ അദ്ധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it