വനിതാ നേതാവിനെ അപമാനിച്ച സംഭവം: ഡിവൈഎഫ്‌ഐ നേതാവിനെ പുറത്താക്കി

തൃശൂര്‍: എംഎല്‍എ ഹോസ്റ്റലില്‍വച്ച് വനിതാ നേതാവിനെ അപമാനിച്ച ഡിവൈഎഫ്‌ഐ നേതാവിനെതിരേ പോലിസ് കേസെടുത്തതിനെത്തുടര്‍ന്ന് സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് അയാളെ പുറത്താക്കി. ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സിപിഎം പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗവുമായ മാടായികോണം രാമംകുളത്ത് വീട്ടില്‍ ആല്‍ എല്‍ ജീവന്‍ ലാലിനെതിരെയാണ് പോലിസ് കേസെടുത്തത്. ഇയാള്‍ക്കെതിരേ പരാതി നല്‍കിയ യുവതിയുടെ മൊഴി പോലിസ് രേഖപ്പെടുത്തി. ഇന്നലെ രാവിലെയാണ് കാട്ടൂര്‍ പോലിസ് സ്റ്റേഷനിലെത്തി പ്രാദേശിക വനിതാ നേതാവായ യുവതി മൊഴിനല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞദിവസം രാത്രി ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിനു മുമ്പാകെയാണ് യുവതിയും ബന്ധുക്കളും പരാതി നല്‍കിയത്. ഈ സമയം സ്ഥലത്തെത്തിയ എഡിജിപി ബി സന്ധ്യയോടും യുവതി പരാതി പറഞ്ഞു. സംഭവം അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കാന്‍ കാട്ടൂര്‍ പോലിസിന് പരാതി കൈമാറിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. അതേസമയം ജീവന്‍ലാലിനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായും മറ്റു പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും മാറ്റിനിര്‍ത്തിയതായും സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഭവം നടന്നത് തിരുവനന്തപുരത്തായതിനാല്‍ കേസ് അവിടേക്ക് കൈമാറും. യുവതി നല്‍കിയ പരാതിയില്‍ പറയുന്നത് ഇപ്രകാരമാണ്. ജൂലൈ ഒമ്പതിന് തിരുവനന്തപുരത്ത് എന്‍ട്രന്‍സ് കോച്ചിങിന് സീറ്റ് ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞാണ് യുവതിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. സീറ്റ് ശരിയാക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്തു 11ന് തിരിച്ചുപോരുന്ന ദിവസം കെ യു അരുണന്‍ എംഎല്‍എയുടെ ഹോസ്റ്റല്‍ മുറിയില്‍വച്ചാണ് അപമാനിച്ചത്. ബാഗ് എടുക്കാന്‍ മുറിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കയറി പ്പിടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നുവെങ്കിലും പാര്‍ട്ടിക്ക് ക്ഷീണം സംഭവിക്കുമെന്നതിനാല്‍ ആരോടും പറയരുതെന്നും നടപടി എടുക്കുമെന്നുമായിരുന്നു പാര്‍ട്ടി നേതൃത്വം അറിയിച്ചത്. സംഭവത്തെക്കുറിച്ച് പലതവണ പരാതി നല്‍കിയിട്ടും യുവ നേതാവിനെതിരേ സിപിഎം നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് യുവതി പോലിസില്‍ പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it