kasaragod local

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് : 21 പരാതികള്‍ തീര്‍പ്പാക്കി



കാസര്‍കോട്: ജില്ലയില്‍ സംസ്ഥാന വനിത കമ്മീഷന്‍ നടത്തിയ മെഗാ അദാലത്തില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. ഇന്നലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിത കമ്മീഷന്‍ അംഗം ഡോ. ലിസി ജോസിന്റെ അധ്യക്ഷതയില്‍ നടന്ന മെഗാ അദാലത്തില്‍ മൊത്തം 51 പരാതികളാണ് സ്വീകരിച്ചത്. തീര്‍പ്പാകാത്ത പരാതികളില്‍ പോലിസിനോടും വിവിധ വകുപ്പ് മേധാവികളോടും അന്വേഷിച്ചു റിപോര്‍ട്ട് ഹാജരാക്കുവാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് പരാതിയുമായെത്തിയ നാലു ദമ്പതികളെ കൗണ്‍സിലിങിന് അയച്ചു. യുവതിയെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയ യുവാവിനെതിരെ നടപടിയെടുക്കുവാന്‍ പോലിസിനോട് ആവശ്യപ്പെട്ടു. വൃദ്ധദമ്പതികളെ സംരക്ഷിക്കുന്നില്ല എന്ന പരാതിയിലും വൃദ്ധരായ ദമ്പതികളെ സഹോദരങ്ങള്‍ ഉപദ്രവിക്കുന്നുവെന്ന പരാതിയിലും പോലിസിനോട് അന്വേഷിച്ചു നടപടിയെടുക്കുവാനും കമ്മീഷന്‍ നിര്‍ദേശിച്ചു. നീര്‍ത്തട പദ്ധതിപ്രകാരം വാഴക്കൃഷി നടത്തിയ ബേഡഡുക്ക കൊളത്തൂരിലെ പൗര്‍ണമി ജെഎല്‍ജിയിലെ അഞ്ചു സ്ത്രീകള്‍ക്ക് ലഭിക്കേണ്ട 14400 രൂപ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്ന പരാതിയില്‍ ഒരു മാസത്തിനകം പരിഹാരം കാണുവാന്‍ കാറഡുക്ക ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസറോട് ആവശ്യപ്പെട്ടു. ഉദുമ പഞ്ചായത്തിലെ വൈസ് പ്രസിഡന്റിനെതിരെ പഞ്ചായത്ത് സിഡിപിഒ നല്‍കിയ പരാതിയിലും തീര്‍പ്പായി. അദാലത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ കൂടി സാന്നിധ്യത്തിലാണ് സിഡിപിഒയുടെ പരാതിയില്‍ കമ്മീഷന്‍ തീര്‍പ്പാക്കിയത്. അദാലത്തില്‍ എഡിഎം കെ അംബുജാക്ഷന്‍, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ പി ഡീന ഭരതന്‍, ലീഗല്‍ അഡൈ്വസറി കമ്മിറ്റി അംഗങ്ങളായ അഡ്വ. പ്രസന്ന മണികണ്ഠന്‍, അഡ്വ. ജോണ്‍ എബ്രഹാം, വനിത സെല്‍ ഉദ്യോഗസ്ഥര്‍, കൗണ്‍സിലര്‍മാര്‍ സിറ്റിങില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it