Flash News

വനിതാ കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു : പോപുലര്‍ ഫ്രണ്ട്‌



കോഴിക്കോട്: ദേശീയ വനിതാ കമ്മീഷന്റെ തിരക്കിട്ട കേരള സന്ദര്‍ശനം ആര്‍എസ്എസ് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍. ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട വനിതാ കമ്മീഷന്റെ ആദ്യ ദിവസത്തെ പ്രവര്‍ത്തനവും പ്രസ്താവനകളും തികച്ചും സംഘപരിവാര താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിലെ പീഡനത്തിനിരയായ പെണ്‍കുട്ടികളെ കാണാതെ, കേസിലെ പ്രതിയും കേന്ദ്രം നടത്തിപ്പുകാരിയുമായ ശ്രുതിയുമായി നടത്തിയ കൂടിക്കാഴ്ച ഇതാണ് തെളിയിക്കുന്നത്. കമ്മീഷന്റെ വിശ്വാസ്യത ഇതോടെ നഷ്ടപ്പെട്ടിരിക്കുകയാണ്. പീഡനത്തിനിരയായവരുടെ പരാതി ലഭിച്ചിട്ടില്ലെന്നാണ് കമ്മീഷന്‍ വിശദീകരിച്ചത്. എന്നാല്‍, യാതൊരു പരാതിയും ലഭിക്കാതെയാണ് ഹാദിയയെ കാണാന്‍ കമ്മീഷന്‍ സമയം കണ്ടെത്തിയത്. പൊതുജനങ്ങളില്‍ നിന്നു മുന്‍കൂട്ടി പരാതി സ്വീകരിക്കാനോ തെളിവെടുപ്പ് നടത്താനോ അവസരമൊരുക്കാതെ തിടുക്കപ്പെട്ടു നടത്തിയ കമ്മീഷന്റെ കേരള സന്ദര്‍ശനം സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്നു സംശയിക്കണം. കോടതിയുടെ പേര് പറഞ്ഞു ഹാദിയയെ സന്ദര്‍ശിക്കാന്‍ തയ്യാറാവാതിരുന്ന സംസ്ഥാന വനിതാ കമ്മീഷന്റെ നിലപാടിലെ കാപട്യവും ഇതോടെ വ്യക്തമായി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉത്തരവാദിത്തത്തില്‍ നിന്ന് ഇനിയും ഒഴിഞ്ഞുമാറാതെ, സംസ്ഥാന വനിതാ കമ്മീഷന്‍ ഹാദിയയെ സന്ദര്‍ശിക്കാന്‍ തയ്യാറാവണമെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it