Flash News

വനനിയമങ്ങള്‍ അട്ടിമറിച്ച് മുഖ്യമന്ത്രി

വനനിയമങ്ങള്‍ അട്ടിമറിച്ച് മുഖ്യമന്ത്രി
X


തിരുവനന്തപുരം: തോട്ടങ്ങളെ ഇഎഫ് എല്‍ പരിധിയില്‍ നിന്നൊഴിവാക്കികൊണ്ട് നിയമസഭയില്‍ ചട്ടു 300 പ്രകാരം പ്രസ്താവന നടത്തി.പരിസ്ഥിതി ലോലമേഖലകളില്‍ നിന്ന് തോട്ടം മേഖലകളെ ഒഴിവാക്കി കൊണ്ടാണ് ഈ പ്രസ്താവന.
തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2015 നവംബറില്‍ മുന്‍ സര്‍ക്കാര്‍  റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ അധ്യക്ഷനായി ഒരു കമ്മീഷനെ നിയോഗിക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്ന്, പ്രസ്തുത കമ്മീഷന്‍ 10.08.2016ന് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനങ്ങള്‍ എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.
മന്ത്രിസഭാ തിരുമാനങ്ങള്‍

മന്ത്രിസഭാ യോഗം താഴെ പറയുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്.

1.പ്ലാന്റേഷന്‍ ടാക്‌സ് വളരെ പഴക്കമുള്ള ഒരു ടാക്‌സ് ഇനമാണ്. പ്രസ്തുത ടാക്‌സ് ഇപ്പോള്‍ കേരളത്തില്‍ മാത്രമാണ് നിലവിലുള്ളതെന്ന് പ്രസ്തുത കമ്മിറ്റി ശിപാര്‍ശ ചെയ്തു. ഇക്കാര്യങ്ങള്‍ പരിഗണിച്ച് പ്ലാന്റേഷന്‍ ടാക്‌സ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു.

2.തോട്ടം മേഖലയില്‍നിന്നും കാര്‍ഷികാദായ നികുതി ഈടാക്കുന്നത് മരവിപ്പിക്കാന്‍ തീരുമാനിച്ചു.

3.എസ്‌റ്റേറ്റിലെ എല്ലാ ലയങ്ങളും വളരെ പഴക്കമുള്ളതും ജീര്‍ണ്ണാവസ്ഥയിലുള്ളതുമാണ്. ഇത്തരം ലയങ്ങള്‍ അറ്റകുറ്റപ്പണി ചെയ്ത് വാസയോഗ്യമാക്കുക അസാധ്യമാണ്. എല്ലാ ലയങ്ങളേയും കെട്ടിട നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
4.നിലവിലുള്ള ലയങ്ങള്‍ അറ്റകുറ്റപ്പണി ചെയ്ത് വാസയോഗ്യമാക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫില്‍ ഉള്‍പ്പെടുത്തി, ലൈഫ് പദ്ധതിയുടെ മാര്‍ഗരേഖകള്‍ക്കു വിധേയമായി, തൊഴിലാളികള്‍ക്ക് ആവശ്യമായ വാസഗൃഹങ്ങള്‍ നിര്‍മ്മിക്കുന്നതാണ്. ഇതിന് ആവശ്യമായി വരുന്ന ചെലവിന്റെ 50% സര്‍ക്കാരും 50% തോട്ടം ഉടമകളും വഹിക്കും. തോട്ടം ഉടമകളില്‍നിന്ന് ഈടാക്കേണ്ട 50% തുക ഏഴ് വാര്‍ഷിക ഗഡുക്കളായി (പലിശ രഹിതം) ഈടാക്കി പദ്ധതി നടപ്പാക്കും. പദ്ധതി നടത്തിപ്പിനാവശ്യമായ സ്ഥലം എസ്‌റ്റേറ്റ് ഉടമകള്‍ സൗജന്യമായി സര്‍ക്കാരിന് ലഭ്യമാക്കുന്നതിനായി തോട്ടം ഉടമകളുമായി ഒരു കരാര്‍ ഉടമ്പടി ഉണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
5.ഒരു റബ്ബര്‍ മരം മുറിച്ചുവില്‍ക്കുമ്പോള്‍ ലഭിക്കുന്ന ശരാശരി തുക ഏകദേശം 5000 രൂപയാണ്. നിലവില്‍ റബ്ബര്‍ മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ 2500 രൂപ സീനിയറേജായി ഈടാക്കുന്നുണ്ട്. റബ്ബറിന്റെ വില വളരെ താഴ്ന്നിരിക്കുന്ന സാഹചര്യത്തില്‍ ഈ തുക വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ നിലവിലുള്ള സീനിയറേജ് തുക പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ്.
6.തോട്ടം തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ സ്‌കീം ബാധകമാക്കുന്ന വിഷയം തൊഴില്‍ വകുപ്പ് പരിഗണിക്കും. തോട്ടങ്ങളുടെ പാട്ടകാലാവധി അവസാനിക്കുന്ന മുറയ്ക്ക് പാട്ടം പുതുക്കി നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കും. ഇക്കാര്യത്തില്‍ തടസ്സം നില്‍ക്കുന്ന കാര്യങ്ങള്‍ നിയമ വകുപ്പ് സെക്രട്ടറി പരിശോധിച്ച് ആവശ്യമായ ശിപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് & മാനേജ്‌മെന്റ് ഓഫ് എക്കളോജിക്കലി ഫ്രെജൈല്‍ ലാന്റ്) ആക്ടിന്റെ പരിധിയില്‍ നിന്നും തോട്ടങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

7.ഉപേക്ഷിക്കപ്പെട്ടതോ, പ്രവര്‍ത്തനരഹിതമായിക്കിടക്കുന്നതോ ആയ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുകയോ അല്ലെങ്കില്‍ തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് അവയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കി പ്രവര്‍ത്തിപ്പിക്കുകയോ, സന്നദ്ധതയുള്ള സ്വകാര്യ കമ്പനികള്‍ക്ക് വ്യക്തമായ മാനദണ്ഡങ്ങളോടെ, തോട്ടത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തരുതെന്ന വ്യവസ്ഥയില്‍ നല്‍കി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുംവിധം ആവശ്യമായ നിയമനിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നു. റവന്യൂ വകുപ്പ് നിലവില്‍ തയ്യാറാക്കിയിരിക്കുന്ന ലാന്റ് ലീസ് ആക്ടിന്റെ പരിധിയില്‍ ഇക്കാര്യം കൂടി കൊണ്ടുവരുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നതാണ്.

8.തൊഴിലാളികളുടെ വേതനം കാലോചിതമായി പരിഷ്‌കരിക്കുന്നതു സംബന്ധിച്ച് ആവശ്യമായ നടപടികള്‍ തൊഴില്‍ വകുപ്പ് സ്വീകരിക്കുന്നതാണ്.

9.പ്ലാന്റേഷന്‍ മേഖല ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്റേഷന്‍ പോളിസി തയ്യാറാക്കുന്നതിന് തൊഴില്‍ വകുപ്പ് നടപടി സ്വീകരിക്കുന്നതാണ്.
ഇതോടെ നിലവിലെ വന നിയമങ്ങള്‍ മുഴുവന്‍ അട്ടിമറിക്കപെടും.സംസ്ഥാനത്തിന്റെ പരിസ്ഥിതി ലോല മേഖലകളില്‍ വ്യാപകമായ മരം വെട്ടലിനും, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് കാരണമാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ നിരിക്ഷണം.ഇത് തോട്ടം മുതലാളിമാര്‍ക്ക് ഒത്താശ ചെയ്തുകൊണ്ടുള്ള നിയമഭേതഗതികളാണെന്നും പരക്കെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it