palakkad local

വനത്തില്‍ കുടിവെള്ളവുമില്ല; സിംഹവാലന്‍ കുരങ്ങുകളും ജനവാസ മേഖലയില്‍

നെന്മാറ: വനത്തില്‍ ജലക്ഷാമം രൂക്ഷമായതോടെ വന്യമൃഗങ്ങള്‍ക്കുപുറമെ സിംഹവാലന്‍ കുരങ്ങുകളും കാടിറങ്ങുന്നു. സംസ്ഥാനത്തെ നിത്യഹരിത വനങ്ങളില്‍ മാത്രം കാണപ്പെടുന്ന സിംഹവാലന്‍ കുരങ്ങുകളാണ് ഗത്യന്തരമില്ലാതെ ജനവാസ മേഖലകളിലെത്തുന്നത്. നെല്ലിയാമ്പതി മേഖലയിലെ ചെറുനെല്ലിയും പരിസരങ്ങളിലുമാണ് ഇവ റോഡിലിറങ്ങി തീറ്റതേടുന്നത്.
വിനോദ സഞ്ചാരികളും മറ്റുള്ളവരും നല്‍കുന്ന തീറ്റയും മറ്റും ലഭിക്കുന്നതിനാല്‍ ഇവ കാടുകയറാതെ റോഡുകളില്‍ വിഹരിക്കുകയാണ്.  മുപ്പതോളം വരുന്ന സംഘം റോഡില്‍ തലങ്ങും വിലങ്ങും ഓടുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നുണ്ട്. വാള്‍പ്പാറ, പറമ്പിക്കുളം മേഖലയിലും നൂറുക്കണക്കിനു സിംഹവാലന്‍ കുരങ്ങുകളുണ്ട്. ചൂട് അസഹനീയമാവുന്നതും വനത്തിനകത്ത് ഭക്ഷണവെള്ളമില്ലാതാവുന്നതുമാണ് ഇവ നാട്ടിലിറങ്ങാന്‍ കാരണം. നാടിറങ്ങിയ സിംഹവാലന്‍ കുരങ്ങുകള്‍ക്ക് വേട്ടക്കാര്‍ ഭീഷണിയാണ്.
പശ്ചിമ ഘട്ടമലനിരകളിലും സൈലന്റ് വാലി, വാള്‍പ്പാറ, നെല്ലിയമ്പതി, ചെന്തരുണി, ബ്രഹ്മഗിരി, അഗസ്ത്യമല, പാമ്പാടുംചോല, ഷെട്ടിഹള്ളി വനമേഖലകളിലാണ് സിംഹവാലന്‍ കുരങ്ങുകളെ കാണാറുള്ളത്. വര്‍ഷങ്ങള്‍ക്കു മുമ്പ് 20000 ത്തോളം മുണ്ടായിരുന്നിടത്ത് ഇപ്പോള്‍ എണ്ണം 2000മായി കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. വാളയാര്‍, കഞ്ചിക്കോട് മേഖലകളില്‍ കുരങ്ങുകള്‍ ജനവാസമേഖലകളിലിറങ്ങുന്നത് പതിവാണെങ്കിലും സിംഹവാലന്‍ കുരങ്ങുകള്‍ നെന്മാറ, നെല്ലിയാമ്പതി മേഖലകളില്‍ കടുത്ത വേനല്‍ക്കാലത്ത് മാത്രമാണ് പ്രത്യക്ഷപ്പെടാറുള്ളത്.
Next Story

RELATED STORIES

Share it