palakkad local

വനം വകുപ്പിനെ കുറ്റപ്പെടുത്തി ദേശീയപാതാ വിഭാഗം

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് വികസന സമിതി യോഗത്തില്‍ വനം വകുപ്പിനെതിരെ ആഞ്ഞടിച്ച് ദേശീയപാത വിഭാഗം. കോഴിക്കോട്-—പാലക്കാട് ദേശീയ പാത (966)യുടെ നവീകരണത്തിനു വനം വകുപ്പിന്റെ അലംഭാവമാണ് തടസമായി നില്‍ക്കുന്നതെന്ന് ദേശീയപാത വിഭാഗം പ്രതിനിധി തലൂക്ക് വികസന സമിതി യോഗത്തില്‍ വ്യക്തമാക്കി. പാതയുടെ നവീകരണത്തിനായി 2608 മരങ്ങള്‍ അടിയന്തമായി മുറിക്കേണ്ടതുണ്ട്. ഇക്കഴിഞ്ഞ സപ്തംബര്‍ 25ന് 2608 മരങ്ങളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ രണ്ടുമാസം കഴിഞ്ഞിട്ടും മരം മുറിക്കാനുള്ള അനുമതി വനം വകുപ്പ് നല്‍കിയിട്ടില്ല. വനം വകുപ്പുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. അനുമതി  ലഭിച്ചാല്‍ തന്നെ നിരവധി നടപടി ക്രമങ്ങള്‍ പിന്നെയും പാലിക്കേണ്ടതുണ്ട്. ഇതിനു വേറെയും കാലതാമസം വരും. നിശ്ചിത സമയത്തിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ലങ്കില്‍ സര്‍ക്കാര്‍ കരാറുകാരനു നഷ്ടപരിഹാരം നല്‍കണം. എന്നാല്‍ 2608 മരങ്ങള്‍ക്കു പുറമെ 86 മരങ്ങള്‍ കൂടി മുറിക്കേണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതു പരിശോധിക്കാനുള്ള കാലതാമസമാണ് എടുക്കുന്നുതെന്നും വനം വകുപ്പ് പ്രതിനിധി അറിയിച്ചു. രണ്ടു മാസം മുമ്പ് മൂല്യ നിര്‍ണയം നടത്തിയ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കാത്തതിന് ന്യായീകരണമില്ലന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പറഞ്ഞു. 86 മരങ്ങള്‍ പരിശോധിക്കുന്നതു വരെ കാത്തുനില്‍ക്കാതെ മൂല്യനിര്‍ണയം നടത്തിയ മരങ്ങള്‍ മുറിക്കാന്‍ ഉടന്‍ അനുമതി നല്‍കണമെന്ന് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും കാലാതമസം എടുക്കുന്നുണ്ടെന്ന് ദേശീയ പാത വിഭാഗം അറിയിച്ചു. നേരത്തെ 3.12 കോടിയുടെ എസ്റ്റിമേറ്റാണ് സമര്‍പ്പിച്ചത്. ഇത് അയച്ച് അനുമതി നേടിയപ്പോള്‍ 8.79 കോടി രൂപ ചെലവു വരുമെന്നും അതു കൊണ്ട് എസ്റ്റിമേറ്റ് മാറ്റി നല്‍കണമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു. പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് സമര്‍പ്പിച്ച എസ്റ്റിമേറ്റ് മാറ്റേണ്ടി വന്നത് കാലതാമസത്തിനു ഇടയാക്കി കാല താമസം ഒഴിവാക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിക്കാന്‍ കലക്ടര്‍ക്ക് കത്തു നല്‍കാന്‍ യോഗം തീരുമാനിച്ചു. നാട്ടുകല്‍ മുതല്‍ താണാവു വരെ 173.51 കോടി രൂപ ചിലവില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് ദേശീയ പാത നവീകരണ കരാര്‍ എറ്റെടുത്തിട്ടുള്ളത്. 2019 ഏപ്രില്‍ 10നകം പണി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. രണ്ടാം ഘട്ടമായി താണാവ് മുതല്‍ ചന്ദ്രനഗര്‍ വരെ വീതി കൂട്ടലും മൂന്നാം ഘട്ടമായി കുമരംപുത്തൂരില്‍ നിന്ന് ചൂരിയോട്ടിലേക്ക് ബൈപ്പാസ് നിര്‍മാണവുമാണ് നടത്തുക. വികസന സമിതി യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കല്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it