malappuram local

വണ്ടൂര്‍ മണ്ഡലത്തില്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും

കാളികാവ്: പ്രളയക്കെടുതിയെ തുടര്‍ന്ന് ജില്ലയിലെ ഏറ്റവും കൂടുതല്‍ നാശ നഷ്ടങ്ങളുണ്ടായ വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും. നിയോജക മണ്ഡലത്തിലെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് എ പി അനില്‍കുമാര്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത വിവിധ വകുപ്പ് പ്രതിനിധികളുടെ യോഗത്തിലാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുവാനുള്ള തീരുമാനമുണ്ടായത്. വിവിധ മേഖലകളിലുണ്ടായ നാശനഷ്ടങ്ങളുടെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ റിപോര്‍ട്ടും പുനര്‍ നിര്‍മാണത്തിനായുള്ള പദ്ധതികളുമടങ്ങുന്ന മാസ്റ്റര്‍ പ്ലാനുമാണ് തയ്യാറാക്കുക. വിവിധ വകുപ്പുകള്‍ ഇതുസംബന്ധിച്ചുള്ള റിപോര്‍ട്ട് ഈ മാസം 15 നകം സമര്‍പ്പിക്കണമെന്ന് യോഗത്തില്‍ തീരുമാനമായി. നിയോജക മണ്ഡലത്തിലെ 11 വില്ലേജുകളിലായി 600 വീടുകള്‍ ഭാഗികമായും 120 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മറ്റു മേഖലകളിലെ നഷ്ടത്തിന്റെ കണക്കുകള്‍ ഇനിയും പൂര്‍ണമായി തയ്യാറായിട്ടില്ല. നഷ്ടപരിഹാരങ്ങള്‍ നല്‍കുമ്പോള്‍ യാതൊരു കാരണവശാലും അനര്‍ഹര്‍ പട്ടികയില്‍ ഉള്‍പ്പെടെരുതെന്നും അര്‍ഹരായ ആളുകളെ വിട്ടുപോവരുതെന്നും എംഎല്‍എ നിര്‍ദേശം നല്‍കി. ക്യാംപുകളില്‍ താമസിക്കാതെ ബന്ധു വീടുകളിലേയ്ക്കു മാറി താമസിച്ചവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായ കിറ്റുകള്‍ തൊട്ടടുത്ത ദിവസം വിതരണം ചെയ്യും. ഇക്കാര്യം നേരത്തെ എംഎല്‍എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ജില്ലാ കലക്ടറുടെ അനുമതിയായിട്ടുണ്ടെന്ന് യോഗത്തില്‍ തഹസില്‍ദാര്‍ അറിയിച്ചു. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ വണ്ടൂര്‍ ബ്ലോക്ക് പ്രസിഡന്റ് സി എച്ച് ആസ്യ, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഖാലിദ്, ജില്ലാ പഞ്ചായത്ത് അംഗം ആലിപ്പറ്റ ജമീല, വിവിധ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ തെറ്റത്ത് ബാലന്‍, എം ലത്തീഫ്, നജീബ് ബാബു, അന്നമ്മ മാത്യു, റോഷ്നി കെ ബാബു, എ കോമളവല്ലി, ടി കെ ഷിഫ്‌ന നജീബ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി രാമചന്ദ്രന്‍, നിലമ്പൂര്‍ തഹസില്‍ദാര്‍ സുബാഷ് ചന്ദ്രബോസ്, ഡെപ്യുട്ടി തഹസില്‍ദാര്‍, വണ്ടൂര്‍ പോലിസ് ഇന്‍സ്പെക്ടര്‍ വി ബാബുരാജ്, വില്ലേജ് ഓഫിസര്‍മാര്‍,ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാര്‍, അസി. എന്‍ജിനീയര്‍മാര്‍, റവന്യൂ, പഞ്ചായത്ത്, പോലിസ്, ആരോഗ്യം, പൊതുമരാമത്ത് വകുപ്പ് പാലം, പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍, മൃഗസംരക്ഷണം, കൃഷി, വനം, ജലസേചനം മേജര്‍, ജലസേചനം മൈനര്‍, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, എസ്‌സി, എസ്ടി, ടൂറിസം, വിദ്യാഭ്യാസം, സാമൂഹിക നീതി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. നിയോജക മണ്ഡലത്തിലെ പ്രളയക്കെടുതിയുടെ നേര്‍ക്കാഴ്ചകള്‍ സമന്വയിപ്പിച്ച് തയ്യാറാക്കിയ വീഡിയോ ഡോക്യുമെന്റ് യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു.

Next Story

RELATED STORIES

Share it