വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങളില്‍ ഒന്നു കൂടി ചത്തു

വാഷിങ്ടണ്‍: വംശനാശം സംഭവിച്ച് യുഎസിലെയും കെനിയയിലെയും മൃഗശാലകളില്‍ സംരക്ഷിക്കപ്പെടുന്ന നാലു വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങളില്‍ ഒന്നു ചത്തു. നോല എന്നു പേരുള്ള 41 വയസ്സുള്ള പെണ്‍ കാണ്ടാമൃഗമാണു ചത്തത്.
ലോകത്താകമാനം ഈയിനത്തില്‍ അവശേഷിക്കുന്നത് ഇനി മൂന്നെണ്ണം മാത്രം. ഒരാഴ്ച മുമ്പ് ശസ്ത്രക്രിയ നടത്തിയതിനെത്തുടര്‍ന്ന് ആരോഗ്യനില മോശമാവുകയായിരുന്നു. 1989 മുതല്‍ സാന്‍ ഡിയേഗോ സൂ സഫാരി പാര്‍ക്കിലെ പ്രധാന ആകര്‍ഷണമായിരുന്നു നോല. അവശേഷിക്കുന്ന മൂന്നെണ്ണത്തെ കെനിയയിലെ ഓള്‍ പെചേത കണ്‍സര്‍വെന്‍സിയില്‍ സംരക്ഷിച്ചുവരുകയാണ്.
കൊമ്പുകള്‍ക്കായി നിരന്തരം വേട്ടയാടപ്പെട്ടതാണ് ഇവയുടെ എണ്ണം വ്യാപകമായി കുറയാന്‍ കാരണം. 2008ലാണ് ഇവയെ വംശനാശഭീഷണി നേരിടുന്ന ജീവിയിനത്തില്‍ ഉള്‍പ്പെടുത്തിയത്. ഈയിനത്തില്‍പ്പെട്ട കാണ്ടാമൃഗത്തെ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ഉല്‍പാദിപ്പിക്കാന്‍ ഡിയേഗ മൃഗശാലയില്‍ അടുത്തിടെ ആറു തെക്കന്‍ വെള്ള കാണ്ടാമൃഗങ്ങളെ വാങ്ങിയിരുന്നു.
ലോകത്താകമാനം 20,000ത്തോളം തെക്കന്‍ വെള്ള കാണ്ടാമൃഗങ്ങളുണ്ടെങ്കിലും പ്രത്യുല്‍പാദനം നടത്താന്‍ ഇവ തമ്മില്‍ എത്രത്തോളം ജനിതകസാമ്യമുണ്ടെന്ന കാര്യത്തില്‍ ഗവേഷണം നടന്നു വരുകയാണ്.
Next Story

RELATED STORIES

Share it