Idukki local

വഞ്ചിവയല്‍ ട്രൈബല്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ അടിത്തറ ഇടിഞ്ഞ് അപകടാവസ്ഥയില്‍ ; കുട്ടികളും രക്ഷിതാക്കളും ഭീതിയില്‍



വണ്ടിപ്പെരിയാര്‍: അധ്യയന വര്‍ഷം ആരംഭിച്ചതോടെ ഭീതിയുടെ നിഴലില്‍ സ്‌കൂള്‍ കുട്ടികള്‍.വള്ളക്കടവ് വഞ്ചി വയല്‍ ട്രൈബല്‍ സ്‌കൂളിന്റെ എല്‍.പി., യു. പി., വിഭാഗം കുട്ടികള്‍ പഠിക്കുന്ന കുട്ടികളാണ് പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ ഭീതിയിലായത്.ഏത് സമയത്തും സ്‌കൂള്‍ കെട്ടിടം നിലംപതിക്കാം എന്ന ആശങ്കയാണ് കുട്ടികളെ ഭീതിയിലാഴ്ത്തുന്നത്.റോഡില്‍ നിന്നും 20 അടി ഉയരത്തില്‍ മണ്‍തിട്ടയുടെ മുകളിലാണ് സ്‌കൂള്‍ കെട്ടിടം നില്‍ക്കുന്നത്. സ്‌കൂളിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി  മണ്‍തിട്ടയിടിച്ച് സ്‌കൂള്‍ പരിസരത്തേക്ക് വാഹനം കയറ്റുന്നതിന് റോഡ് പണിതതാണ് സ്‌കൂള്‍ കെട്ടിടം അപകട ഭീതിയിലാകാന്‍ കാരണം. മണ്ണ് നീക്കം ചെയ്തിട്ട് കെട്ടിടം നില്‍ക്കുന്ന മണ്‍തിട്ട കല്ല് കെട്ടി നിര്‍ത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. കഴിഞ്ഞ സപ്തംബറിലാണ്  സ്‌കൂള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതിനിടയില്‍ സ്‌കൂള്‍ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു. സ്‌കൂള്‍ തുറക്കുമ്പോള്‍ എവിടെ ഇരുന്നു പഠിക്കണമെന്നറിയാതെ കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും ഒരേ പോലെ ആശങ്കയിലാണ്.ഇതിനിടെയാണ് സ്‌കൂള്‍ കെട്ടിടം അപകട ഭീഷണി ഉയര്‍ത്തുന്നത്.  മഴ തുടങ്ങിയതോടെ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും വീഴുന്ന വെള്ളം തിട്ടയില്‍ വീണ് മണ്ണ് താഴേക്ക് വീഴാന്‍ സാധ്യതയുണ്ട്. സ്‌കൂള്‍ കെട്ടിടത്തിന്റെ വരാന്തയോട് ചേര്‍ന്ന ഭാഗത്ത് നീളത്തില്‍ വിണ്ട് കീറിയ നിലയിലാണ്. ഇരുപത് അടി ഉയരത്തിലുള്ള തിട്ട ഇടിഞ്ഞാല്‍ കെട്ടിടവും അപകട ഭീഷണിയിലാവും. ഇത് അധികൃതര്‍ കണ്ടതായി ഭാവിക്കുന്നില്ല. ആറ് ക്ലാസ് മുറികളാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. പ്രവേശന ഉല്‍സവത്തിന് എത്തിയ രക്ഷിതാക്കളും ഇത് കണ്ട് അശങ്കയിലാണ്. കുട്ടികളെ തല്‍ക്കാലം ഈ കെട്ടിടത്തില്‍ നിന്നും മാറ്റണമെന്നാണ് രക്ഷിതാക്കളുടെ നിലപാട്.
Next Story

RELATED STORIES

Share it