ലോവര്‍ പെരിയാര്‍ വൈദ്യുതോല്‍പാദനം 20 മുതല്‍ പുനരാരംഭിക്കുമെന്നു പ്രതീക്ഷ

തൊടുപുഴ: ലോവര്‍ പെരിയാറില്‍ നിന്നുള്ള ഉല്‍പാദനം 20ന് ആരംഭിക്കാമെന്ന പ്രതീക്ഷയില്‍ വൈദ്യുതി ബോര്‍ഡ്. ഇന്നലെ സ്ഥലം സന്ദര്‍ശിച്ച കെഎസ്ഇബി ജനറേഷന്‍ ഇലക്ട്രിക്കല്‍ ഡയറക്ടര്‍ എന്‍ വേണുഗോപാലാണ് ഇക്കാര്യം പങ്കുവച്ചത്.
അറ്റകുറ്റപ്പണികളുടെ പുരോഗതി വിലയിരുത്താനാണ് വേണുഗോപാല്‍ എത്തിയത്. പവര്‍ഹൗസിനുള്ളില്‍ ചളി അടിഞ്ഞുണ്ടായ പ്രശ്‌നങ്ങളാണ് ഇനി പരിഹരിക്കാനുള്ളത്. ജനറേറ്ററുകളുടെ ആറിടത്തായി ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. ഇത് പരിഹരിക്കണം. ചെറിയ മണ്ണുമാന്തി യന്ത്രം ഇറക്കി ടണലിലെ ചളി നീക്കുന്നത് പുരോഗമിക്കുകയാണ്. ഇത് ഏതാണ്ട് മൂന്നു ദിവസത്തിനകം തീരും. തുടര്‍ന്ന് പരിശോധന നടത്തി ടണലിലെ ലൈനിങിനടക്കം തകരാറില്ലെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രമേ ഉല്‍പാദനം ആരംഭിക്കാനാവൂ.
ചെറിയ തോതില്‍ വെള്ളം ഒഴുക്കിവിട്ട് ചളി പൂര്‍ണമായും ഒഴുക്കിക്കളയേണ്ടതുണ്ട്. തകര്‍ന്ന ട്രാഷ് റാക്കും പുനസ്ഥാപിക്കാനുണ്ട്. ഉല്‍പാദന ശേഷിയില്‍ നാലാം സ്ഥാനത്തുള്ള ലോവര്‍ പെരിയാര്‍ പവര്‍ ഹൗസ് കഴിഞ്ഞമാസം 14നാണു പ്രവര്‍ത്തനം നിലച്ചത്. മാലിന്യം കയറാതിരിക്കാന്‍ വച്ചിരിക്കുന്ന ടണലിലെ ഇരുമ്പു ഗേറ്റ് (ട്രാഷ് റാക്ക്) തകര്‍ന്നിട്ടും ഈ വിവരം മറച്ച് വച്ച് ഉല്‍പാദനം തുടര്‍ന്നതോടെ ആവശ്യത്തിനു വെള്ളം എത്താതെ ജനറേറ്റര്‍ ഡ്രിപ്പാവുകയായിരുന്നു. സിവില്‍ വിഭാഗം കത്ത് നല്‍കിയിട്ടും മൂന്നുദിവസം കൂടി ഉല്‍പാദനം തുടര്‍ന്നതോടെ വന്‍തോതില്‍ ചളിയും ടണലില്‍ അടിഞ്ഞിരുന്നു.
ആറര മീറ്റര്‍ വ്യാസത്തില്‍ 12.75 കിലോ മീറ്റര്‍ ദൂരത്തില്‍ പാറ തുരന്നും പിന്നീട് 570 മീറ്റര്‍ പെന്‍സ്റ്റോക്ക് പൈപ്പും വഴിയാണു ലോവര്‍ പെരിയാറില്‍ നിന്നു കരിമണലില്‍ ഇരിക്കുന്ന പവര്‍ ഹൗസിലേക്ക് വെള്ളം എത്തിക്കുന്നത്. ഇവിടെ എത്തുന്ന വെള്ളം മൂന്നായി തിരിഞ്ഞാണ് 60 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ജനറേറ്ററുകളിലേക്ക് എത്തുന്നത്. ഒരു മാസത്തിലധികമായി പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചതോടെ കോടികളുടെ നഷ്ടമാണു വകുപ്പിന് ഉണ്ടായത്. ഇതിനു പുറമെ വന്‍ വില നല്‍കി വൈദ്യുതി വാങ്ങേണ്ടിയും വന്നു.

Next Story

RELATED STORIES

Share it