Flash News

ലോവര്‍ പെരിയാര്‍ പവര്‍ഹൗസ്: തകരാറിനു കാരണം ഉദ്യോഗസ്ഥ വീഴ്ചസി

എ സജീവന്‍

തൊടുപുഴ: ലോവര്‍ പെരിയാര്‍ ജലവൈദ്യുത പദ്ധതി നിലയ്ക്കാന്‍ കാരണം കെഎസ്ഇബിയിലെ ജനറേഷന്‍ വിഭാഗത്തിന്റെ ഗുരുതര വീഴ്ച. സിവില്‍ വിഭാഗം നല്‍കിയ മുന്നറിയിപ്പ് മറികടന്ന് ഉല്‍പാദനം തുടര്‍ന്നതാണ് പവര്‍ഹൗസിന്റെ പ്രവര്‍ത്തനം മുടങ്ങാന്‍ കാരണമായത്. വൈദ്യുതി നിലയത്തിലേക്ക് വെള്ളം എത്തിക്കുന്ന ടണല്‍ ഷട്ടറിനോട് ചേര്‍ന്നു മാലിന്യവും ചളിയും കയറാതിരിക്കാന്‍ സ്ഥാപിച്ച ഇരുമ്പ് ഗ്രില്‍ (ഇന്‍ടേക്ക് ഗേറ്റ്) തകര്‍ന്നതാണ് ഉല്‍പാദനം നിലയ്ക്കാന്‍ കാരണമായത്.
മുന്നറിയിപ്പിനു ചെവികൊടുക്കാതെ ഉല്‍പാദനം തുടര്‍ന്നതോടെ ജനറേറ്ററില്‍ അടക്കം ചളി കയറി. ഇടുക്കി അണക്കെട്ടില്‍ നിന്നു വെള്ളം പുറത്തേക്കു വിട്ടത് 9 മുതലാണ്. എന്നാല്‍ 11ന് രാത്രി ടണല്‍മുഖത്ത് വന്‍തോതില്‍ ഉരുള്‍വെള്ളം എത്തി. ഇത് മനസ്സിലാക്കിയ സിവില്‍ വിഭാഗം ജനറേഷന്‍ വിങിന് ഉല്‍പാദനം നിര്‍ത്തിവയ്ക്കണമെന്നുകാട്ടി കത്ത് നല്‍കി. എന്നാല്‍, ഇതു വകവയ്ക്കാതെ ഉല്‍പാദനം മൂന്നു ദിവസം കൂടി തുടര്‍ന്നു. ഉല്‍പാദനം തുടര്‍ന്നതോടെ വന്‍തോതില്‍ ചളിയും മാലിന്യവും മരത്തടികളും കയറി അടഞ്ഞു. ഇതോടെ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു. ഇതു ടണലിനുള്ളില്‍ എയര്‍ ബ്ലോക്ക് ഉണ്ടാക്കി.
എയര്‍ ബ്ലോക്ക് അതീവശക്തിയില്‍ തിരിച്ചടിക്കുകയും ഇ ന്‍ടേക്ക് ഗേറ്റ് തകരുകയുമായിരുന്നു. പിന്നാലെ ഷട്ടര്‍ ഇടാന്‍ ശ്രമിച്ചെങ്കിലും ഇതിനു സാധിക്കാതെവന്നതോടെ ടണലില്‍ ഇറങ്ങാനാകാതെ വന്നു. കഴിഞ്ഞ ദിവസമാണ് ഏറെ പണിപ്പെട്ട് ഷട്ടര്‍ താഴ്ത്തി ടണലില്‍ ഇറങ്ങി പരിശോധന നടത്താനായത്. 30 മീറ്റര്‍ ഉയരവും 70 ടണ്‍ ഭാരവുമുള്ള ഇന്‍ടേക്ക് ഗേറ്റ് പൊട്ടിത്തകര്‍ന്ന് മൂന്നു കഷണമായെന്നാണ് കണ്ടെത്തിയത്. ലോവര്‍ പെരിയാറിലെ തകരാര്‍ അപരിഹാര്യമാവുന്നതിന് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ശീതസമരം ഇടയാവുന്നതായി സൂചനയുണ്ട്. അണക്കെട്ടിലെ രണ്ട് ഇന്‍ടേക്ക് ഗേറ്റുകളും ടെയില്‍ റേസിലെ മൂന്ന് ഔട്ട്‌ലെറ്റ് ഗേറ്റുകളും യഥാസമയം അടച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇന്‍ടേക്ക് ഗേറ്റുകളുടെ ചുമതല സിവില്‍ വിങിലെ ഡാം സേഫ്റ്റി വിഭാഗത്തിനും ഔട്ട്‌ലെറ്റ് ഗേറ്റുകളുടെ ചുമതല ഇലക്ട്രിക്കല്‍ വിങിലെ ജനറേഷന്‍ വിഭാഗത്തിനുമാണ്.
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല. ജലനിരപ്പ് ഉയരുമ്പോള്‍ വെള്ളം തിരിച്ചുകയറാതിരിക്കാനാണ് ഔട്ട്‌ലെറ്റ് ഗേറ്റ് അടയ്‌ക്കേണ്ടത്. എന്നാല്‍, തകരാര്‍ പരിഹരിച്ച് വൈദ്യുതി ഉല്‍പാദനം പുനരാരംഭിക്കാന്‍ ഉദ്യോഗസ്ഥരിലെ കിടമല്‍സരം കാരണമാവുകയാണ്. സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധി നേരിടുമ്പോഴാണ് പ്രതിദിനം ശരാശരി ഒന്നര കോടി രൂപയുടെ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം പാഴാവുന്നത്. തകരാര്‍ സംഭവിച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും പരിഹരിക്കാനുള്ള ക്രിയാത്മക നടപടികള്‍ കഴിഞ്ഞ ദിവസമാണ് തുടങ്ങാനായത്. ഇതിനിടെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ പ്രത്യേക ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചെങ്കിലും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നിസ്സഹകരണം മൂലം കാര്യക്ഷമമായി പ്രവര്‍ത്തിക്കാനായിട്ടില്ല.

Next Story

RELATED STORIES

Share it