Pravasi

ലോക കപ്പിന്റെ ആവേശം പകരാന്‍ പ്രവാസികളും യുവജനങ്ങളും; വിവിധ പ്രചരണ പരിപാടികളുമായി സംഘാടക സമിതി

ദോഹ: 2022ലെ ലേക കപ്പ് ഫുട്‌ബോള്‍ ഏഴ് വര്‍ഷം മാത്രം അകലെ നില്‍ക്കേ രാജ്യത്തിന്റെ ഓരോ അണുവിലേക്കും ലോക കപ്പിന്റെ ആവേശം പകരാനുള്ള പരിപാടികളുമായി സംഘാടകര്‍ രംഗത്തിറങ്ങി. ഇതിനായി രാജ്യത്തിന്റെ ജനസംഖ്യയില്‍ വലിയൊരു വിഭാഗം വരുന്ന പ്രവാസി സമൂഹങ്ങളെയും യുവജനങ്ങളെയും പരമാവധി ഉപയോഗപ്പെടുത്താനാണ് പദ്ധതി.
ടൂര്‍ണമെന്റിന്റെ പ്രചാരണത്തിനായി ഔദ്യോഗിക, അനൗദ്യോഗിക വളണ്ടിയര്‍മാരെ കണ്ടെത്തുക, ലോക കപ്പ് എങ്ങനെ ഖത്തറിന്റെ അഭിമാനമായി മാറ്റിയെടുക്കാമെന്ന ആശയങ്ങള്‍ തേടുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സംഘാടക സമിതി മുന്നില്‍ കാണുന്നത്. ലോക കപ്പിന് യോജിച്ച സ്ഥലമല്ല ഖത്തര്‍ എന്നുള്ള പ്രചാരണങ്ങളുടെ മുനയൊടിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്താന്‍ യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കാനും പദ്ധതിയുണ്ട്.
ലോക കപ്പിന് വേണ്ടി ഖത്തര്‍ എങ്ങനെ ഒരുങ്ങുന്നുവെന്നും തങ്ങള്‍ക്കതിന് അര്‍ഹതയുണ്ടെന്നും സോഷ്യല്‍ മീഡിയ വഴി തെളിയിക്കാനാവുമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസി(എസ്‌സിഡിഎല്‍) യൂത്ത് പാനല്‍ അംഗം അബ്ദുല്ല യൂസുഫി പറഞ്ഞു.
ഖത്തറിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള 35 അംഗ യൂത്ത് പാനല്‍ സ്റ്റേഡിയം നിര്‍മാണ സ്ഥലങ്ങള്‍, ആന്റി ഡോപ്പിങ് ലാബ്, ആസ്പറ്റര്‍ ഹോസ്പിറ്റല്‍ എന്നിവ സന്ദര്‍ശിച്ചു.
ലോക കപ്പിന്റെ പ്രചാരണത്തിനായി ഇന്ത്യ, ഫിലിപ്പീന്‍സ്, നേപ്പാള്‍, ചൈന, റഷ്യ, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രണ്ട് ഡസനോളം പ്രവാസി സമൂഹങ്ങളുമായി എസ്‌സിഡിഎല്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. അതത് രാജ്യങ്ങളിലെ മാധ്യമ പ്രവര്‍ത്തകരുമായി 2022ലെ ലോക കപ്പിനെക്കുറിച്ച് പങ്കു വയ്ക്കാന്‍ സാധിക്കുന്ന വിവരങ്ങള്‍ കൈമാറുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കരാറില്‍ ഉള്‍പ്പെടുന്നു.
നൈജീരിയന്‍സ് ഇന്‍ ഡയസ്‌പോറ ഓര്‍ഗനൈസേഷന്‍-ഖത്തര്‍(നിഡോ) എന്ന സംഘടന തങ്ങളുടെ വെബ്‌സൈറ്റ് വഴിയും സോഷ്യല്‍ മീഡിയ വഴിയും സുപ്രിം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് നൈജീരിയന്‍ പത്രമായ ദി ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്തു. നിഡോ പ്രതിനിധികള്‍ക്ക് എസ്‌സിഡിഎല്‍ ഇതിന് വേണ്ട പരിശീലനം നല്‍കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it