Flash News

ലോകകപ്പ് യോഗ്യതാ മല്‍സരം : ഒരു ജയമകലെ ഫ്രാന്‍സിന് റഷ്യന്‍ ടിക്കറ്റ്‌



സോഫിയ: 2018 റഷ്യന്‍ ലോകകപ്പ് സാധ്യത സജീവമാക്കി ഫ്രാന്‍സ്. യൂറോപ്പ് മേഖലയില്‍ നടന്ന ആവേശ പോരാട്ടത്തില്‍ ബള്‍ഗേറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് റഷ്യന്‍ ടിക്കറ്റ് സാധ്യത നിലനിര്‍ത്തിയത്. മൂന്നാം മിനിറ്റില്‍ ബ്ലെയ്‌സ് മാത്യുഡിയുടെ തകര്‍പ്പന്‍ ഗോളാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്. മല്‍സരത്തില്‍ പന്തടക്കത്തില്‍ ബള്‍ഗേറിയ മുന്നിട്ട് നിന്നെങ്കിലും വിജയം ഫ്രാന്‍സിന്റെ കളിമികവിനൊപ്പം നിന്നു. 4-3-3 ശൈലിയില്‍ ബൂട്ട്‌കെട്ടിയ ഫ്രാന്‍സിനെ 4-4-2 ശൈലിയിലാണ് ബള്‍ഗേറിയ പ്രതിരോധിച്ചത്. എന്നാല്‍ ബള്‍ഗേറിയയുടെ കണക്കുകൂട്ടലുകളെ ഞെട്ടിച്ച് മല്‍സരത്തിന്റെ മൂന്നാം മിനിറ്റില്‍ മാത്യൂഡി ഫ്രാന്‍സിനായി ലക്ഷ്യം കണ്ടു. വലത് വിങില്‍ നിന്ന് ലഭിച്ച പന്ത് അന്റോണിയോ ഗ്രിസ്മാന്‍ മാത്യുഡിയ്ക്ക് നല്‍കിയപ്പോള്‍ ബുള്ളറ്റ് ഷോട്ടിലൂടെ മാത്യുഡി പന്ത് ഇടത് മൂലയിലെത്തിച്ചു. മല്‍സരത്തിന്റെ തുടക്കത്തിലേ ഗോള്‍ വഴങ്ങിയ ബള്‍ഗേറിയ സ്വന്തം തട്ടകത്തില്‍ പ്രതിരോധത്തിലേക്കൊതുങ്ങി. ഇതിനിടയില്‍ വീണ് കിട്ടിയ അവസരങ്ങളെ ഫ്രാന്‍സ് താരങ്ങള്‍ മുലതെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കാണാനായില്ല. ഒന്നാം പകുതിയില്‍ ഒരു ഗോളിന്റെ ആധിപത്യത്തോടെ കളം പിരിഞ്ഞ ഫ്രാന്‍സിന് രണ്ടാം പകുതിയിലും ബള്‍ഗേറിയയയുടെ പ്രതിരോധം വെല്ലുവിളി ഉയര്‍ത്തിയെങ്കിലും മല്‍സരത്തിന്റെ മുഴുവന്‍ സമയത്തും ലീഡ് നിലനിര്‍ത്തിയ ഫ്രാന്‍സ് ഏകപക്ഷീയമായ ഒരു ഗോള്‍ ജയവും അക്കൗണ്ടിലാക്കി. എംബാപ്പെയും ഗ്രിസ്മാനും ലാകാസെറ്റയും ചേര്‍ന്നുള്ള ശക്തമായ ആക്രമണ നിരയെയാണ് ഫ്രഞ്ച് കോച്ച് ഡെഷാംപ്‌സ് ഇറക്കിയത്. ഇവര്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും വീണ്ടും വല കുലുങ്ങിയില്ല. വിജയത്തിനിടയിലും ഫ്രാന്‍സിന്റെ ചെല്‍സി  മിഡ്ഫീല്‍ഡര്‍ കാന്റെക്ക് പരിക്കേറ്റത് ടീമിന് തിരിച്ചടിയായി. 20 പോയിന്റുകളുമായി ഫ്രാന്‍സ് എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണുള്ളത്. അടുത്ത മല്‍സരത്തില്‍ ബെലാറസിനെ തോല്‍പ്പിച്ചാല്‍ ഫ്രാന്‍സിന് നേരിട്ട് ലോകകപ്പിലേക്ക് യോഗ്യത നേടാം.
Next Story

RELATED STORIES

Share it