Flash News

ലൈംഗികാരോപണങ്ങള്‍ ; സാഹിത്യ നൊബേല്‍ ഇക്കൊല്ലമില്ല

ലൈംഗികാരോപണങ്ങള്‍ ; സാഹിത്യ നൊബേല്‍ ഇക്കൊല്ലമില്ല
X


സ്‌റ്റോക്കോം:  2018ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കേണ്ടതില്ലെന്ന് സ്വീഡിഷ് അക്കാദമിയുടെ തീരുമാനം. ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പിലാണ് അക്കാദി ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കൊല്ലത്തെ പുരസ്‌കാരങ്ങള്‍ അടുത്ത വര്‍ഷം പ്രഖ്യാപിക്കുമെന്നാണറിയിച്ചിട്ടുള്ളത്.
'സ്വീഡിഷ് അക്കാദമിയിലുണ്ടായ പ്രശ്‌നങ്ങള്‍ നൊബേല്‍ പുരസ്‌കാരത്തെ തെറ്റായി ബാധിച്ചു. സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ചും നൊബേല്‍ പുരസ്‌കാരത്തിന്റെ ദീര്‍ഘകാല ഖ്യാതിയും പരിഗണിച്ചാണ് നടപടി' എന്നാണ് വാര്‍ത്താക്കുറിപ്പിലുള്ളത്.  മറ്റു പുരസ്‌കാരങ്ങളെ ഈ തീരുമാനം ബാധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

നൊബേല്‍ സമ്മാന നിര്‍ണയ സമിതിയംഗമായ കാതറിന ഫ്രോസ്‌റ്റെന്‍സണിന്റെ ഭര്‍ത്താവ് ഴാങ് ക്ലോദ് ആര്‍നോള്‍ട്ടിന്റെ പേരിലുയര്‍ന്ന ലൈംഗിക ആരോപണമാണ് കാര്യങ്ങള്‍ ഇത്തരത്തിലെത്തിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. ഫ്രഞ്ച് ഫോട്ടോഗ്രാഫറായ ഇദ്ദേഹത്തിന്റെ പേരില്‍ 18ഓളം സ്ത്രീകളാണ് കഴിഞ്ഞ നവംബറില്‍ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. സ്വീഡിഷ് അക്കാദമിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍വെച്ച് ആര്‍നോള്‍ട്ട് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് ആരോപണം. ആര്‍നോള്‍ട്ടും കാതറിനയും നടത്തുന്ന സംസ്‌കാരിക കേന്ദ്രമായ കള്‍ച്ചര്‍പ്ലാറ്റ്‌സ് ഫോറത്തിന് സഹായധനം നല്‍കിയതിലൂടെ നിക്ഷിപ്തതാത്പര്യം കാട്ടി എന്ന ആരോപണവും അക്കാദമി ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആരോപണത്തിന്റെ പേരില്‍ ഇദ്ദേഹത്തിന്റെ ഭാര്യ കാതറിനയെ അവാര്‍ഡ് സമിതിയില്‍നിന്ന് പുറത്താക്കേണ്ടതില്ലെന്നാണ് സ്വീഡിഷ് അക്കാദമി വോട്ടെടുപ്പിലൂടെ തീരുമാനിച്ചത്്.വിവാദവുമായി ബന്ധപ്പെട്ട് ആറു അക്കാദമിയംഗങ്ങള്‍ സ്ഥാനമൊഴിയുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it