ലൈംഗികാപവാദം, കാമരാജ് വൈസ് ചാന്‍സലറുടെ ഓഫിസില്‍ റെയ്ഡ്

മധുര/കോയമ്പത്തൂര്‍: പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്നതിന് അധികൃതരുടെ ലൈംഗികാവശ്യത്തിനു വഴങ്ങാന്‍ വിദ്യാര്‍ഥിനികളെ അധ്യാപിക നിര്‍ബന്ധിച്ചെന്ന കേസില്‍ മധുര കാമരാജ് സര്‍വകലാശാല (എംകെയു)യിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസുകളില്‍ സിബി-സിഐഡി റെയ്ഡ് നടത്തി.അതേസമയം, വിദ്യാര്‍ഥിനികളെ ലൈംഗികചൂഷണം ചെയ്യുന്നത് ആവര്‍ത്തിക്കുന്നതു തടയാന്‍ കമ്മിറ്റി രൂപീകരിച്ചതായി തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സുനില്‍ പളിവാള്‍ അറിയിച്ചു. ലൈംഗികാപവാദത്തില്‍ പങ്കാളികളായവരെ ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്കു വഴങ്ങാന്‍ അസിസ്റ്റന്റ് പ്രഫസര്‍ നിര്‍മലദേവി വിദ്യാര്‍ഥിനികളെ ഉപദേശിക്കുന്ന ഓഡിയോ ടേപ്പ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ലൈംഗികാപവാദം പുറത്തായത്. എംകെയു വൈസ് ചാന്‍സലര്‍ പി പി ചെല്ലതുറൈ, രജിസ്ട്രാര്‍ വി ചിന്നയ്യ എന്നിവരുടെ ഓഫിസുകളിലാണ് റെയ്ഡ് നടന്നതെന്ന് മധുരയില്‍ നിന്നുള്ള റിപോര്‍ട്ടില്‍ പറയുന്നു. പരിശോധന നടക്കുമ്പോള്‍ ഇരുവരും ഓഫിസുകളിലുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഇവരെ സിബി-സിഐഡി ചോദ്യംചെയ്തിരുന്നു.നിര്‍മലദേവിക്കു നല്‍കിയ ജോലിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയാനാണ് പരിശോധന നടത്തിയത്. അറുപ്പുകോട്ടയിലെ സ്വകാര്യ കോളജിലെ അസിസ്റ്റന്റ് പ്രഫസറാണ് നിര്‍മലദേവി. ഇവര്‍ ഇപ്പോള്‍ സിബി-സിഐഡിയുടെ കസ്റ്റഡിയിലാണ്.
മദ്രാസ് സര്‍വകലാശാലയുടെയും തമിഴ്‌നാട് ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെയും വൈസ് ചാന്‍സലര്‍മാരടങ്ങിയ ഉന്നതതല സമിതി രണ്ടു ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പളിവാള്‍ അറിയിച്ചു.അറുപ്പുകോട്ടയിലെ ദേവഗംഗാ ആര്‍ട്‌സ് കോളജില്‍ ഒരുമാസം മുമ്പാണ് നിര്‍മലദേവിയും വിദ്യാര്‍ഥിനികളും തമ്മിലുള്ള വിവാദ സംഭാഷണം നടന്നത്. ദേവിയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.സംഭാഷണം വിവാദമായതിനെ തുടര്‍ന്ന് സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Next Story

RELATED STORIES

Share it