Alappuzha local

ലേക്പാലസ് ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രകടനം : ലാത്തിയടിയില്‍ 11 പേര്‍ക്കു പരിക്ക്



ആലപ്പുഴ: കായല്‍കൈയേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് ആലപ്പുഴ കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപത്തെ തോമസ് ചാണ്ടിയുടെ ഓഫിസിലേയ്ക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലിസ് നടത്തിയ ലാത്തി ചാര്‍ജില്‍ പതിനൊന്ന്  പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മാവേലിക്കര ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് സജി ജോസഫ്, ആലപ്പുഴ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് എസ് ദീപു,അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി ഉടുമ്പാക്കല്‍, നേതാക്കളായ എം പി മുരളീകൃഷ്ണന്‍, സജില്‍ ഷെരീഫ്, രതീഷ്, സായുജ്, നിതിന്‍, അനന്തകൃഷ്ണന്‍, വനിതാ നേതാക്കളായ മീനു ബിജു, പുഷ്പ എന്നിവര്‍ക്കാണ്‌പോലീസ് നടപടിയില്‍ പരിക്കേറ്റത്.ഇവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. യൂത്ത്‌കോണ്‍ഗ്രസ് ആലപ്പുഴ, മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഡിസിസി ഓഫിസില്‍ നിന്നും ആരംഭിച്ച പ്രകടനം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപം പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ ഡിസിസി പ്രസിഡന്റ് അഡ്വ.എം ലിജു ഉദ്ഘാടനം ചെയ്തു. ധര്‍ണയ്ക്ക് ശേഷം പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാനൊരുങ്ങുമ്പോഴായിരുന്നു സംഘര്‍ഷം . പോലിസ് അനാവശ്യ  പ്രകോപനം സൃഷ്ടിച്ച്  ലാത്തിചാര്‍ജ് നടത്തുകയായിരുന്നെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ പോലിസിന് നേരെ കല്ലെറെഞ്ഞതാണ് സംഘര്‍ഷ കാരണമെന്ന് പോലിസും വിശദീകരിക്കുന്നു.  അരമണിക്കൂറോളം കെ എസ് ആര്‍ ടി പ്രദേശം സംഘര്‍ഷാവസ്ഥയിലായിരുന്നു. കുറച്ച് സമയം സര്‍വീസ് നിര്‍ത്തിവെച്ചു. ബസുകളിലിരുന്ന യാത്രക്കാരേയും പ്രദേശത്തെ കച്ചവടക്കാരെയുമെല്ലാം സംഘര്‍ഷം ഭീതിയിലാക്കി.ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവര്‍ത്തകരെ കൊടിക്കുന്നില്‍ സുരേഷ് എം പി, ഡി സി സി പ്രസിഡന്റ് അഡ്വ. എം.ലിജു, മുന്‍ പ്രസിഡന്റ് എ എ ഷുക്കൂര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, എന്‍ എസ് യു ദേശീയ സെക്രട്ടറിമാരായ എസ് ശരത്, ടിജിന്‍ ജോസഫ് സന്ദര്‍ശിച്ചു. തോമസ് ചാണ്ടിയെ സംരക്ഷിക്കുവാന്‍ ജനകീയ സമരങ്ങളെ സര്‍ക്കാര്‍ പോലിസിനെ കൊണ്ട് അടിച്ചമര്‍ത്തുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
Next Story

RELATED STORIES

Share it