Kollam Local

ലീഗിനെതിരേയുള്ള ഡിസിസി വൈസ് പ്രസിഡന്റിന്റെ പ്രസ്താവന വിവരക്കേട്: കുരീപ്പള്ളി ഷാജഹാന്‍

കൊല്ലം:തിരഞ്ഞെടുപ്പുകളില്‍ ഘടക കക്ഷികള്‍ക്ക് സീറ്റ് അനുവദിക്കുകയും ആ സീറ്റുകളിലെല്ലാം റിബലുകളെ മല്‍സരിപ്പിക്കുകയും ചെയ്യുന്ന പാരമ്പര്യമുള്ള പാര്‍ട്ടിയുടെ ജില്ലാ വൈസ് പ്രസിഡന്റ് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റിനെതിരേ പ്രസ്താവന നടത്തിയത് രാഷ്ട്രീയ വിവരക്കേടാണെന്ന് മുസ്‌ലിം ലീഗ് കൊല്ലം ജില്ലാ സെക്രട്ടറി കുരീപ്പള്ളി ഷാജഹാന്‍ പ്രസ്താവനയില്‍ പറഞ്ഞു. കൊല്ലം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിനെതിരെ പ്രസ്താവന ഇറക്കിയ ഡിസിസി വൈസ് പ്രസിഡന്റ് സ്വന്തം ഡിവിഷനായ തേവള്ളിയില്‍ ആര്‍എസ്പി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ബിജെപിയ്ക്ക് വോട്ട് ചെയ്തതായി ആര്‍എസ്പി തന്നെ ആരോപണം ഉന്നിയിച്ച് കഴിഞ്ഞതായും കുരീപ്പള്ളി വ്യക്തമാക്കി.

കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഐഎന്‍ടിയുസി ദേശീയ നേതാവിനെ ഉള്‍പ്പെടെ പരാജയപ്പെടുത്തിയതിലുള്ള കുറ്റബോധത്തില്‍ നിന്നും രക്ഷപ്പെടാനും ജനശ്രദ്ധ തിരിച്ചുവിടാനുമുള്ള വിലകുറഞ്ഞ പ്രസ്താവനയാണ് ഡിസിസി നേതാവ് ലീഗിനെതിരേ നടത്തിയത്. ലീഗ് സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങളെക്കുറിച്ച് അഭിപ്രായം പറയാനും വിലയിരുത്താനും ലീഗില്‍ പക്വമതികളായ നേതാക്കളുണ്ട്. അതിന് മറ്റാരുടെയും സഹായം ലീഗിന് ആവശ്യമില്ല. കോര്‍പറേഷനിലെ കയ്യാലയ്ക്കലിലും വാളത്തുംഗലിലും ഉള്‍പ്പെടെ ഒരു സീറ്റിലും ലീഗ് സ്ഥാനാര്‍ഥികള്‍ പാര്‍ട്ടിക്ക് അനഭിമതരായി മല്‍സരിച്ചിട്ടില്ല.
പാര്‍ട്ടി സ്ഥാനാര്‍ഥികളാണ് എല്ലാ സീറ്റിലും മല്‍സരിച്ചത്. കയ്യാലയ്ക്കലില്‍ മല്‍സരിച്ച കൊല്ലൂര്‍വിള നാസിമുദീനും വാളത്തുംഗലില്‍ മല്‍സരിച്ച മാജിദ വഹാബും മുസ്‌ലിം ലീഗിന്റെ മുന്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരാണ്. കയ്യാലയ്ക്കല്‍ ഡിവിഷനില്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക പിന്‍വലിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നില്ല. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ യൂനുസ്‌കുഞ്ഞ് നേരിട്ട് ഇടപെട്ടാണ് കോണ്‍ഗ്രസുകാരന്റെ പത്രിക പിന്‍വലിപ്പിച്ചത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുസ്‌ലിം ലീഗ് മല്‍സരിച്ച സീറ്റുകളില്‍ ചിലരുടെ കുതന്ത്രങ്ങളും പാര വെയ്പ്പുകളും കൊണ്ടാണ് പരാജയപ്പെട്ടതെന്നും ഇതുസംബന്ധിച്ച് യുഡിഎഫിലെ ഉന്നത നേതാക്കള്‍ക്ക് റിപോര്‍ട്ട് നല്‍കുമെന്നും കുരീപ്പള്ളി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it