ലീഗിനെതിരായ ആരോപണം; രേഖകള്‍ നിയമസഭയില്‍ ഹാജരാക്കണമെന്നു പ്രതിപക്ഷം

തിരുവനന്തപുരം: മുസ്‌ലിംലീഗ് 44 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയെന്ന മന്ത്രി കെ ടി ജലീലിന്റെ പരാമര്‍ശത്തെ ചൊല്ലി ഇന്നലെയും നിയമസഭയില്‍ ഭരണ, പ്രതിപക്ഷ ബഹളം. പ്രതിപക്ഷത്തു നിന്നു വി കെ ഇബ്രാഹീംകുഞ്ഞാണു ക്രമപ്രശ്‌നമായി വിഷയം സഭയില്‍ ഉന്നയിച്ചത്.
ലീഗിനെ അധിക്ഷേപിക്കുന്ന തരത്തില്‍ 44 കൊലപാതകം നടത്തിയെന്ന മന്ത്രിയുടെ പ്രസ്താവന ഗുരുതരമായ സംഭവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിയുടെ വാദം സത്യമാണെങ്കില്‍ അതിന്റെ പോലിസ് റിപോര്‍ട്ടും കോടതിയുടെ അന്തിമ റിപോര്‍ട്ടും സഭയുടെ മേശപ്പുറത്തു വയ്ക്കണം. ആര്‍ക്കും നിരുത്തരവാദമായി പ്രസ്താവന നടത്താനുള്ള വേദിയല്ല നിയമസഭയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രേഖകള്‍ മേശപ്പുറത്തുവയ്ക്കാന്‍ മന്ത്രിക്ക് കഴിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്നു നീക്കണമെന്നും ഇബ്രാഹീംകുഞ്ഞ് ആവശ്യപ്പെട്ടു. അതിനിടെ, ക്രമപ്രശ്‌നം ഉന്നയിച്ചതിനെതിരേ ഭരണപക്ഷം എതിര്‍പ്പ് ഉയര്‍ത്തിയതോടെ പ്രതിപക്ഷവും ബഹളമുയര്‍ത്തി. മന്ത്രി എ കെ ബാലന്‍ ക്രമപ്രശ്‌നത്തെ എതിര്‍ത്തു രംഗത്തുവന്നെങ്കിലും സ്പീക്കര്‍ അനുവദിച്ച ക്രമപ്രശ്‌നത്തെ പാര്‍ലമെന്ററികാര്യ മന്ത്രി എതിര്‍ക്കുന്നത് ശരിയായ നടപടിയല്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. സത്യവിരുദ്ധമായ കാര്യങ്ങളുണ്ടെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it