Flash News

ലാസ് വേഗസ് : അന്വേഷണം തുടരുന്നു

ലോസ് ആഞ്ചല്‍സ്: ലാസ് വേഗസ് വെടിവയ്പുമായി ബന്ധപ്പെട്ട് അക്രമി സ്റ്റീഫന്‍ പഡോകിന്റെ വസതിയായ മെസ്‌കെയ്റ്റില്‍ നിന്ന് 19 തോക്കുകള്‍കൂടി കണ്ടെത്തി. നേരത്തേ അക്രമി താമസിച്ചിരുന്ന മാന്‍ഡാലെ ബേ റിസോര്‍ട്ടില്‍ നിന്ന് 23 തോക്കുകള്‍ കണ്ടെത്തിയിരുന്നു.  അതേസമയം, അക്രമി സ്റ്റീഫന്‍ പഡോക് വെടിവയ്ക്കാനിടയായ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണു പോലിസ് സംഘം. എന്നാല്‍, അക്രമി ക്രിമിനല്‍ പശ്ചാത്തലമുള്ള ആളല്ലെന്നും ഇയാള്‍ക്കെതിരേ കേസുകളൊന്നും നേരത്തേ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നതുമാണ് പോലിസിനെ കുഴയ്ക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതിനു തൊട്ടുപിന്നാലെ എഫ്ബിഐ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരുന്നു. അക്രമിക്ക് സായുധസംഘടനകളുമായി ബന്ധം കണ്ടെത്തിയിട്ടില്ല. അക്രമി സ്റ്റീഫന്‍ പഡോക് വെടിവയ്പിനു ശേഷം സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. തെളിവുകളൊന്നും സമര്‍ഥിക്കാതെ, പല സായുധ ആക്രമണങ്ങളും ഐഎസ് ഏറ്റെടുക്കാറുണ്ട്്്. വെടിവയ്പില്‍ 58 പേര്‍ കൊല്ലപ്പെടുകയും 500ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് യുഎസില്‍ തോക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി. യുഎസില്‍ റിപോര്‍ട്ട് ചെയ്ത കണക്കുപ്രകാരം 2017ല്‍ 273 തോക്ക് ആക്രമണമങ്ങളില്‍ 12,000 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്. ഓരോ ദിവസവും 90 പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നതായാണ് വിവരം. ലാസ് വേഗസില്‍ നടന്ന തോക്ക് ആക്രമണമാണ് അവസാനത്തേത്.അതേസമയം, യുഎസില്‍ തോക്ക് കൈവശം വയ്ക്കുന്നതിനുള്ള നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് പിന്നീട് ചര്‍ച്ചചെയ്യാമെന്ന് ഡോണള്‍ഡ് ട്രംപ്. തോക്ക് നിയമങ്ങളില്‍ പരിഷ്‌കരണം വേണമെന്ന ആവശ്യം ഉയരുന്ന പശ്ചാത്തലത്തിലാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം. ലാസ് വെഗാസിലെ അക്രമി അസുഖം ബാധിച്ച വ്യക്തിയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ആക്രമണം ആഭ്യന്തര ഭീകരവാദത്തിന് ഉദാഹരണമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്.
Next Story

RELATED STORIES

Share it