World

ലാവാ പ്രവാഹത്തിന് വേഗം കൂടി; ഹവായിയില്‍ ഒരാള്‍ക്കു പരിക്ക്

പഹൊവ: ഹവായ് ദ്വീപില്‍ അഗ്നിപര്‍വതത്തില്‍ നിന്നുള്ള ലാവാ പ്രവാഹം കൂടുതല്‍ രൂക്ഷമാവുന്നു. കഴിഞ്ഞ ദിവസം അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ലാവാ പ്രവാഹത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വീടിന്റെ ബാല്‍ക്കണിയില്‍ ഇരിക്കുന്നയാള്‍ക്കാണ് പരിക്കേറ്റത്. പെട്ടെന്ന് ഒലിെച്ചത്തിയ ലാവ ഗൃഹനാഥന്റെ കാലില്‍ പതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ലാവാ പ്രവാഹത്തില്‍ നാലു വീടുകള്‍ കൂടി തകര്‍ന്നു.
വെള്ളിയാഴ്ച വൈകീട്ടാണ് ഒരു വിള്ളലില്‍ നിന്ന് അപ്രതീക്ഷിതമായി ലാവ പുറത്തേക്കു ചാടിയത്. ചില വിള്ളലുകളില്‍ നിന്ന് 10,000 അടി ഉയരത്തിലേക്കാണ് അഗ്നിപര്‍വതത്തില്‍ നിന്നു ചാരവും പുകയും ഉയര്‍ന്നത്. അടുത്ത കാലത്തുണ്ടായതില്‍ ഏറ്റവും ശക്തമായ പൊട്ടിത്തെറിയായിരുന്നു ഇത്.  ലാവാ പ്രവാഹത്തില്‍ ഹവായ് ഹൈവേ 137 തടസ്സപ്പെട്ടു. ഇതിനിടയില്‍ ഒറ്റപ്പെട്ടുപോയ താമസക്കാരെ ഹെലികോപ്റ്ററിലെത്തിയാണ് രക്ഷപ്പെടുത്തിയത്. രണ്ടാഴ്ചയായി കിലോയ അഗ്നിപര്‍വതത്തില്‍ നിന്നു തുടരുന്ന ലാവാ പ്രവാഹം നേരത്തേ കെട്ടിക്കിടന്നിരുന്ന ഭൂഗര്‍ഭ ലാവയുമായി ചേര്‍ന്നാണ് കൂടുതല്‍ ചൂടേറിയതായി മാറിയത്. ഇതോടൊപ്പം ഇവയുടെ ദ്രവസ്വഭാവവും കൂടി.
1955 മുതല്‍ ഭൂമിക്കടിയില്‍ പുറത്തേക്കു വരാനാകാതെ കെട്ടിക്കിടന്നിരുന്ന ലാവയുമായി പുതുതായി രൂപപ്പെട്ട ലാവ ചേര്‍ന്നതാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്നാണ് വിദഗ്ധര്‍ പറയുന്നത്. മണിക്കൂറില്‍ 274 മീറ്റര്‍ വേഗത്തില്‍ വന്‍തോതിലാണ് ലാവയുടെ സഞ്ചാരമെന്ന് യുഎ സ് ജിയോളജിക്കല്‍ സര്‍വേ ഗവേഷകര്‍ വ്യക്തമാക്കി. മെയ് 3ന് ആരംഭിച്ച് ഇതുവരെ നാല്‍പതോളം കെട്ടിടങ്ങള്‍ ലാവാ പ്രവാഹത്തില്‍ നശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it