kasaragod local

ലഹരി വസ്തുക്കള്‍ക്കെതിരേ കര്‍ശന നടപടി : എക്‌സൈസ് കമ്മീഷണര്‍



കാസര്‍കോട്്: സംസ്ഥാനത്താകെ ലഹരിവസ്തുക്കള്‍ പുതിയ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുകയാണെന്നും ഇവയ്‌ക്കെതിരെ എക്‌സൈസ് വകുപ്പ് നിലപാട് കര്‍ശനമാക്കുമെന്നും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മദ്യക്കടത്ത് കര്‍ശനമായി തടയും. കഞ്ചാവും ലഹരി ഗുളികകളും ഇതരസംസ്ഥാനത്തുള്ളവരാണ് കൂടുതലായി ഉപയോഗിച്ചു വന്നതെങ്കിലും ഇപ്പോഴത് നാട്ടുകാരും ഉപയോഗിക്കുന്നുണ്ട്. പാന്‍പരാഗും പാന്‍മസാലകളും നിരന്തരം ഉപയോഗിക്കുന്നത് അര്‍ബുദത്തിന് കാരണമാകും. പുകയില ഉപയോഗം മലബാറില്‍ കൂടുതലാണെന്നും ഋഷിരാജ് സിങ് പറഞ്ഞു. കഴിഞ്ഞ 10 മാസത്തെ ലഹരി ഉപയോഗം സംബന്ധിച്ച കണക്കുകള്‍ ഉല്‍ക്കണ്ഠപ്പെടുത്തുന്നതാണെന്ന് കമ്മീഷണര്‍ പറഞ്ഞു. വീടുകളില്‍ പോലും കഞ്ചാവ് വളര്‍ത്താന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പോലും മടിയില്ല. വാറ്റ് നടത്താന്‍ പോലും സമൂഹത്തിന്  മാതൃകയാകേണ്ടവര്‍ തയ്യാറാവുന്നു. സര്‍ക്കാരിന്റെ അബ്കാരി നയം നടപ്പാക്കേണ്ടത് വകുപ്പിന്റെ ചുമതലയാണ്. കാസര്‍കോട് ജില്ലയില്‍  ബേഡഡുക്ക, മഞ്ചേശ്വരം, കുമ്പള അതിര്‍ത്തികളില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി നടപ്പാകുന്നതിനാല്‍ സെയില്‍സ്ടാക്‌സ് ചെക്കിങ് ഇല്ലാതാകും. ഇവ എക്‌സൈസ് വകുപ്പിന്റെ ചുമതലയിലാകും. ഇതേ തുടര്‍ന്ന് നടപ്പാക്കേണ്ട പരിഷ്‌കാരസമിതി ചെയര്‍മാന്‍ എന്ന നിലയില്‍ വകുപ്പിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതും ഏകോപിപ്പിക്കുന്നതുമാണ്. വകുപ്പില്‍ 138 വനിതകളെ നിയമിക്കാന്‍ തീരുമാനമായതായും ജില്ലയില്‍ ഇതിന്റെ ആനുപാതികമായി ആറു പേരുടെ നിയമനം ജൂലൈക്ക് മുമ്പെ  ഉണ്ടാകുമെന്നും കമ്മീഷണര്‍ അറിയിച്ചു.പുതുതായി വന്നിട്ടുള്ള മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളില്‍ രണ്ട് സിഐ ഓഫിസുകള്‍ ആരംഭിക്കും. ജില്ലയില്‍ ആവശ്യത്തില്‍ കുറഞ്ഞ സര്‍ക്കിള്‍ ഓഫിസുകളാണ് നിലവിലുള്ളത്. എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ പി ജയരാജന്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എന്‍ എസ് സുരേഷ്, അസി. കമ്മീഷണര്‍ എ ആര്‍ സുല്‍ഫിക്കര്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it