kannur local

ലഹരിക്കെതിരേ സംയുക്ത പരിശോധന നടത്താന്‍ നിര്‍ദേശം



കണ്ണൂര്‍: മദ്യവും മയക്കുമരുന്നും കണ്ടെത്തുന്നതിന് എക്‌സൈസ് വകുപ്പും പോലിസും സംയുക്ത പരിശോധനകള്‍ നടത്താന്‍ ജില്ലാ കലക്ടര്‍ മിര്‍മുഹമ്മദലി നിര്‍ദേശം നല്‍കി. എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത്തല ജനകീയ സമിതികള്‍ എല്ലാ മാസവും ആദ്യത്തെ ആഴ്ച യോഗം ചേരണം. എക്‌സൈസ് പരിശോധനകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോരുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ വി വി സുരേന്ദ്രന്‍ അറിയിച്ചു. യുവാക്കള്‍ക്കിടയില്‍ ലഹരി ഉല്‍പന്നങ്ങളുടെ ഉപയോഗം വര്‍ധിച്ചുവരികയാണ്. ഇതുസംബന്ധിച്ച വിവരങ്ങള്‍ എക്‌സൈസ് വകുപ്പിനെ അറിയിക്കണം.വിവരം നല്‍കുന്നവരുടെ സുരക്ഷിത്വം ഉറപ്പുവരുത്തും. കോളജുകള്‍ക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമീപം ലഹരിമിഠായി വില്‍പന നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതു തടയുന്നതിന് മിന്നല്‍പ്പരിശോധന നടത്താന്‍ ജില്ലാതല ജനകീയ സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ സജീവമാവണമെന്നും അഭിപ്രായമുയര്‍ന്നു. ജില്ലയില്‍ കഴിഞ്ഞ മാസം 90 അബ്കാരി കേസുകളും 35 എന്‍ഡിപിഎസ് കേസുകളും പുകയില ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട 398 കേസുകളും രജിസ്റ്റര്‍ ചെയ്തു. 92 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 2.781 കിലോ കഞ്ചാവും 1.320 ഗ്രാം ബ്രൗണ്‍ഷുഗറും 202.453 കിലോ പാന്‍ മസാലയും പിടികൂടി. കൂടാതെ 10 ലിറ്റര്‍ ചാരായവും 79.810 ലിറ്റര്‍ വിദേശമദ്യവും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള 293.215 ലിറ്റര്‍ വിദേശമദ്യവും 7.8 ലിറ്റര്‍ ബിയറും 8.1 ലിറ്റര്‍ അരിഷ്ടവും 16.1 ലിറ്റര്‍ വാഷും 200 മില്ലീ ലിറ്റര്‍ വൈനും പിടിച്ചെടുത്തു. യോഗത്തില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ വി വി സുരേന്ദ്രന്‍, ഡെപ്യൂട്ടി കളക്ടര്‍ സി എം ഗോപിനാഥന്‍, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, സമിതി അംഗങ്ങള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it