Flash News

ലബ്‌നാനിനെ ആക്രമിക്കാന്‍ ഇസ്രായേലിനെ സൗദി പ്രേരിപ്പിക്കുന്നു : നസ്‌റുല്ല

ലബ്‌നാനിനെ ആക്രമിക്കാന്‍ ഇസ്രായേലിനെ സൗദി പ്രേരിപ്പിക്കുന്നു : നസ്‌റുല്ല
X




ബെയ്‌റൂത്ത്: ലബ്‌നാനിനെ ആക്രമിക്കാന്‍ ഇസ്രായേലിനെ പ്രേരിപ്പിക്കുകയാണ് സൗദിയെന്ന് ഹിസ്ബുല്ല നേതാവ് ഹസ്സന്‍ നസ്‌റുല്ല. ലബ്‌നാനെതിരേ സൗദി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.യുദ്ധം ആരംഭിക്കുന്നതിന് ശതകോടിക്കണക്കിനു ഡോളര്‍ ഇസ്രായേലിനു പ്രതിഫലം നല്‍കാന്‍ സൗദി തയ്യാറാണ്. വിശകലനങ്ങളല്ല വസ്തുകളാണ് താന്‍ പറയുന്നത്. ഇസ്രായേലും ഹിസ്ബുല്ലയുമായി 2006ല്‍ തെക്കന്‍ ലബ്‌നാനില്‍ യുദ്ധമുണ്ടായ സാഹചര്യത്തോട് സമാനമാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍. യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചപ്പോഴും സൗദിയാണ് അതു വലിച്ചു നീട്ടിയതെന്ന് ഇസ്രായേലി മാധ്യമങ്ങളിലൂടെ പിന്നീട് അറിഞ്ഞിരുന്നതായും നസ്‌റുല്ല പറഞ്ഞു. ലബ്‌നീസ് പ്രധാനമന്ത്രി സഅദ് ഹരീരിയുടെ രാജി സൗദിയുടെ അപ്രതീക്ഷിതമായ ഇടപെടലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വാരം സൗദിയിലെ റിയാദില്‍ വച്ചായിരുന്നു ഹരീരി രാജി പ്രഖ്യാപിച്ചത്. സൗദിയില്‍ കസ്റ്റഡിയില്‍ കഴിയുന്ന ഹരീരിക്ക് ലബ്‌നാനിലേക്കു തിരിച്ചുപോവുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബലം പ്രയോഗിച്ചാണ് ഹരീരിയെക്കൊണ്ട് രാജി പ്രഖ്യാപിപ്പിച്ചതെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും നസ്‌റുല്ല അഭിപ്രായപ്പെട്ടു. ഹരീരി റിയാദില്‍ വീട്ടുതടങ്കലിലാണെന്ന് റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അദ്ദേഹത്തിനെതിരായ പീഡനം എല്ലാ ലബ്‌നാന്‍കാരോടുമുള്ള പീഡനമാണെന്നും നസ്‌റുല്ല പറഞ്ഞു. പൗരന്‍മാരോട് ലബ്‌നാന്‍ വിടാന്‍ സൗദിയും കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആരും ലബ്‌നാനിലേക്ക് യാത്ര ചെയ്യരുതെന്നും ഈ രാജ്യങ്ങള്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it